വീണ്ടും സംഘർഷാന്തരീക്ഷം . . ട്രംപ് – കിം കൂടിക്കാഴ്ചക്ക് സമയമായില്ലന്ന് അമേരിക്ക

Pentagon

വാഷിങ്ങ്ടണ്‍: വീണ്ടും സംഘര്‍ഷത്തിന് വഴിമരുന്നിട്ട് അമേരിക്ക. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പിന്‍മാറി. കൂടിക്കാഴ്ചക്ക് സമയമായിട്ടില്ലന്നാണ് അമേരിക്കയുടെ പ്രതികരണം.

അടുത്തിടെ ഉത്തര കൊറിയ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ കണ്ട ‘തുറന്ന വൈരവും വിദ്വേഷവുമാണ്’ ഈ നിലപാടിനിടയാക്കിയതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു.

ജൂണ്‍ 12നു സിംഗപ്പൂരിലാണ് കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നത്. ആണവ പരീക്ഷണശാലയടക്കം തകര്‍ത്ത് സമാധാന ചര്‍ച്ചക്ക് തയ്യാറായ ഉത്തര കൊറിയയെ പ്രകോപിപ്പിക്കുന്നതാണ് ഈ നടപടി.

അമേരിക്കയെ ചാരമാക്കാന്‍ ശേഷിയുള്ള മിസൈല്‍ കൈവശമുണ്ടെന്ന് പ്രഖ്യാപിച്ച് പരീക്ഷണം നടത്തിയ ഉത്തര കൊറിയയുടെ നടപടിയാണ് യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചിരുന്നത്. ദക്ഷിണ കൊറിയക്കും ജപ്പാനും മീതെ മിസൈല്‍ തൊടുത്ത് പരിശീലനം നടത്താനും ഉത്തര കൊറിയ ധൈര്യം കാട്ടി.

തുടര്‍ന്ന് ഐക്യരാഷ്ട്രസഭ ഉത്തര കൊറിയക്ക് ഉപരോധം ഏര്‍പ്പെടുത്തിയതോടെ ചൈന ഇടപെട്ടാണ് കിം ജോങ് ഉന്നിനെ സമവായ ചര്‍ച്ചക്ക് പ്രേരിപ്പിച്ചത്. അമേരിക്കയും ദക്ഷിണ കൊറിയയും വിട്ടുവീഴ്ചക്കും തയ്യാറായി.

ദക്ഷിണ കൊറിയന്‍ ഭരണാധികാരിയുമായി ഉത്തര കൊറിയന്‍ ഏകാധിപതി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് ട്രംപുമായുള്ള ചര്‍ച്ചക്കും കളമൊരുങ്ങിയിരുന്നത്. പുതിയ സാഹചര്യത്തില്‍ ചര്‍ച്ച പൊളിഞ്ഞത് വീണ്ടും സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തുമോയെന്ന ഭീതിയിലാണ് ലോകം.

Top