സി.ഐ.എക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ പിടികൂടിയെന്ന ഇറാന്റെ വാദം തള്ളി ട്രംപ്

Trump

വാഷിങ്ടണ്‍: സി.ഐ.എക്ക് വേണ്ടി പ്രവര്‍ത്തിച്ച 17 പേരെ ഇറാന്‍ പിടികൂടിയെന്നും ഇവരില്‍ ചിലരെ വധിച്ചെന്നുമുള്ള റിപ്പോര്‍ട്ട് നിഷേധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് വാര്‍ത്ത നിഷേധിച്ചത്. അമേരിക്കയുടെ ചാരന്മാരെ ഇറാന്‍ പിടികൂടിയെന്ന വാദം തീര്‍ത്തും തെറ്റാണെന്നും ഇത്തരത്തില്‍ ഇറാന്‍ പ്രചരിപ്പിക്കുന്ന ഓരോ കള്ളങ്ങളും പരാജയപ്പെടുകയാണെന്നും ട്രംപ് പറഞ്ഞു.

സി.ഐ.എക്ക് വേണ്ടി പ്രവര്‍ത്തിച്ച 17 പേരെ പിടികൂടിയെന്നും അതില്‍ ചിലരെ വധിച്ചതായും ഇറാന്‍ രഹസ്യാന്വേഷണ മന്ത്രാലയത്തെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ്‌ റിപ്പോര്‍ട്ട് ചെയ്തത്. സാമ്പത്തികം, അടിസ്ഥാന വികസനം, ആണവകേന്ദ്രം, സേന, സൈബര്‍ മേഖല തുടങ്ങി നിര്‍ണായ കേന്ദ്രങ്ങളില്‍ ജോലിക്ക് പ്രവേശിച്ചിരുന്നവരെയാണ് സി.ഐ.എ ചാരന്‍മാരെന്ന് കണ്ടെത്തി ഇറാന്‍ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈമാറിയതായി കണ്ടെത്തിയതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇറാനുമേല്‍ യു.എസ് ഉപരോധം കടുപ്പിച്ച സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ രാജ്യം പുറത്തുവിടുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനോ എംപറോ പിടിച്ചുവെച്ചിരിക്കുകയാണ്.

Top