റിയാദ്: ഭീകരവാദത്തിനെതിരെ ഒരുമിച്ച് നീങ്ങാന്‍ അമേരിക്കയും അഫ്ഗാനിസ്ഥാനും തമ്മില്‍ ധാരണയായി. വൈറ്റ് ഹൗസ് വൃത്തങ്ങളാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്.
അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സൗദി അറേബ്യയില്‍ നടന്ന അറബ് ഇസ്‌ലാമിക് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്.
ഗാനിക്കു കീഴില്‍ അഫ്ഗാന്‍ നടത്തുന്ന ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അഫ്ഗാന്‍ സുരക്ഷാ സേനയേയും ട്രംപ് അഭിനന്ദിച്ചു. സ്വന്തം രാജ്യത്തെ കാത്തു സൂക്ഷിക്കുന്നതിന് അഫ്ഗാന്‍ സുരക്ഷാ സേന നടത്തുന്ന പോരാട്ടങ്ങള്‍ ഏറെ പ്രശംസയര്‍ഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അഫ്ഗാനിലെ സൈനിക താവളത്തിനു നേരെ ഏപ്രിലില്‍ ഉണ്ടായ ആക്രമണത്തിനു ശേഷം അഫ്ഗാനിലേക്ക് അമേരിക്കന്‍ ഭരണകൂടം കൂടുതല്‍ സൈനികരെ അയച്ചിരുന്നു.