ട്രംപിന്റെ ഫെയ്‌സ്ബുക്ക് വിലക്ക്; സ്വതന്ത്ര വിദഗ്ധ സംഘം തീരുമാനമെടുക്കും

വാഷിംഗടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേര്‍പ്പെടുത്തിയ വിലക്ക് തുടരണോ എന്ന കാര്യത്തില്‍ തങ്ങളുടെ സ്വതന്ത്ര വിദഗ്ധസംഘത്തിന്റെ അഭിപ്രായം തേടുമെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിന്റെ ‘സുപ്രീം കോടതി’ എന്നറിയപ്പെടുന്ന വിദഗ്ധസംഘം നല്‍കുന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ട്രംപിനെതിരെയുള്ള തുടര്‍ നടപടി.

ജനുവരി ആറിന് കാപ്പിറ്റോളില്‍ നടന്ന അതിക്രമത്തിന് പ്രേരണ നല്‍കിയെന്ന കാരണത്താലാണ് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്രംപിന് വിലക്കേര്‍പ്പെടുത്തിയത്. കൂടാതെ ട്വിറ്ററും ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ശരിയായതും അനിവാര്യമായതുമായ തീരുമാനമാണ് ട്രംപിനെതിരെ സ്വീകരിച്ചതെന്ന് ഫെയ്‌സ് ബുക്കിന്റെ ഗ്ലോബല്‍അഫയേഴ്‌സ് വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് ബ്ലോഗ് പോസ്റ്റില്‍ സൂചിപ്പിച്ചു. സമാധാനപരമായ അധികാര കൈമാറ്റത്തെ തകിടം മറിക്കാന്‍ ട്രംപ് മനഃപൂര്‍വം നടത്തിയ ശ്രമത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും ജനാധിപത്യധ്വംസനത്തിന് കാരണമായതായും ക്ലെഗ് വ്യക്തമാക്കി.

ഫെയ്‌സ്ബുക്കിന്റെ സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ട്രംപിന്റെ വിലക്ക് തുടരുകയോ പിന്‍വലിക്കുകയോ ചെയ്യുന്നതെന്ന് ക്ലെഗ് പറഞ്ഞു. ജനാധിപത്യരാജ്യത്തിലെ ജനങ്ങള്‍ക്ക് തങ്ങള്‍ എന്ത് കേള്‍ക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെങ്കിലും തങ്ങളുടെ നേതാക്കള്‍ പറയുന്ന എല്ലാ കാര്യങ്ങളും കേള്‍ക്കാനുള്ള അധികാരം അനുവദിക്കാനാവില്ലെന്നും ക്ലെഗ് കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ ഓണ്‍ലൈന്‍ അഭിസംബോധനകള്‍ നിശബ്ദമാക്കണമെന്ന് നേരത്തെ വിവിധയിടങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. മനുഷ്യവകാശപ്രവര്‍ത്തകര്‍, നൊബേല്‍ ജേതാവ്, ഡാനിഷ് മുന്‍ പ്രധാനമന്ത്രി എന്നിവരടങ്ങിയതാണ് ഫെയ്‌സ്ബുക്കിന്റെ വിദഗ്ധസമിതി.

 

Top