Trump Fires Acting Attorney General Who Defied Him

വാഷിംഗ്ടണ്‍: മുസ്ലിം ഭൂരിപക്ഷമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് താത്കാലികമായി പ്രവേശനാനുമതി നിഷേധിച്ച നടപടിയെ എതിര്‍ത്ത ആക്ടിംഗ് അറ്റോര്‍ണി ജനറലിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി.

ട്രംപ് പുറപ്പെടുവിച്ച അഭയാര്‍ഥി നിയന്ത്രണ എക്‌സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്‌സിനെയാണ് പുറത്താക്കിയതെന്ന് വൈറ്റ് ഹൗസ് വക്താവ് ട്വിറ്ററില്‍ കുറിച്ചു.കസ്റ്റംസ്, ഇമിഗ്രേഷന്‍ മേധാവിയേയും ഇതോടൊപ്പം പുറത്താക്കിയിട്ടുണ്ടെന്നും അറിയിച്ചു.

യേറ്റ്‌സിന് പകരം ഡാനാ ബോയന്റെയെ ആക്ടിംഗ് അറ്റോര്‍ണി ജനറലായി നിയമിച്ചിട്ടുണ്ട്. ഏഴു മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്കും കുടിയേറ്റക്കാര്‍ക്കും പ്രവേശനം നിഷേധിച്ചത് നിയമാനുസൃതമല്ലെന്ന നിലപാടില്‍ യേറ്റ്‌സ് ഉറച്ചുനിന്നിരുന്നു. നിയന്ത്രണ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളിലും വ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.

സിറിയയില്‍ നിന്നുള്ളവര്‍ക്ക് അനിശ്ചിത കാലത്തേക്കും മറ്റ് ഇറാന്‍, ഇറാക്ക്, ലിബിയ, സുഡാന്‍, യെമന്‍, സോമാലിയ എന്നീ രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ക്ക് 90 ദിവസത്തേക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റ് പുറപ്പെടുവിച്ച ഉത്തരവ് ഫെഡറല്‍ കോടതി ഭാഗികമായി തടഞ്ഞുവെങ്കിലും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ട്രംപ്.

Top