വാഷിംങ്ടണ്‍: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്കു ഗ്രീന്‍കാര്‍ഡ് നിഷേധിക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. സര്‍ക്കാര്‍ ആനുകൂല്യം വാങ്ങുന്നവര്‍ക്കും ഭാവിയില്‍ വാങ്ങാന്‍ സാധ്യതയുള്ളവര്‍ക്കും ഗ്രീന്‍കാര്‍ഡ് നഷ്ടപ്പെടുമെന്നാണു സൂചന ലഭിച്ചിരിക്കുന്നത്. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ഒപ്പുവച്ച നിയമത്തിന്റെ പ്രാഥമിക രൂപം കഴിഞ്ഞ ദിവസം ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
സര്‍ക്കാറിന്റെ പണ സഹായം, ഭക്ഷണത്തിനു സഹായം, ഹൗസിങ് സഹായം, ചികിത്സാ സഹായം തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നവര്‍ക്കാണ് ഗ്രീന്‍ കാര്‍ഡ് നിഷേധിക്കപ്പെടുക. ഗ്രീന്‍ കാര്‍ഡ് കിട്ടുന്നതിനു മാത്രമാണു ഇപ്പോഴത്തെ ചട്ടം ബാധകമാകുന്നത്. പൗരത്വത്തിനു അപേക്ഷിക്കുന്നവര്‍ക്കും ഇതു ബാധകമാക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും തല്‍ക്കാലം അത് ഒഴിവാക്കി. നിലവില്‍ ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് നിയമം ബാധകമാവില്ലെന്നാണു സൂചന ലഭിച്ചിരിക്കുന്നത്.
അമേരിക്കയിലേക്കു വരുന്നവരും രാജ്യത്തെ താമസക്കാരും കുടിയേറ്റ സ്റ്റാറ്റസ് മാറ്റുമ്പോള്‍ പൊതു ഖജനാവിന് ബാധ്യതയാവില്ല എന്നു ഉറപ്പുവരുത്തണമെന്ന നിലപാടിലാണു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി. തങ്ങള്‍ സര്‍ക്കാര്‍ സഹായം പറ്റുന്നില്ലെന്നു തെളിയിക്കാന്‍ അപേക്ഷകര്‍ കൂടുതല്‍ പണം ചെലവിടേണ്ടിയും വരുമെന്നു റിപ്പോര്‍ട്ടുണ്ട്.
സര്‍ക്കാര്‍ സഹായം പറ്റുന്നില്ലെന്നു (പബ്ലിക്ക് ചാര്‍ജ്) തെളിയിക്കാന്‍ 10,000 ഡോളറോ മുകളിലോ അടച്ച് ബോണ്ട് വാങ്ങുന്ന സമ്പ്രാദയവും നടപ്പാക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസില്‍ താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണു പുതിയ തീരുമാനം.