ന്യൂയോര്‍ക്ക്; ലോകത്തെ പ്രശസ്ത മാധ്യമമായ ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് തട്ടിപ്പ് ?
2016-ല്‍ വാര്‍ത്തയില്‍ തിളങ്ങി നിന്ന ലോകനേതാക്കള്‍, കലാകാരന്മാര്‍, കോര്‍പറേറ്റ് മേധാവികള്‍ എന്നിവര്‍ക്കിടയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളെ മുന്‍നിര്‍ത്തി നടത്തിയ ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുന്നില്‍.
അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ട്രംപ്, ഒബാമ,റഷ്യന്‍ പ്രസിഡന്റ് പുടിന്‍ എന്നിവരെ മറികടന്നാണ് വലിയ ഭൂരിപക്ഷത്തില്‍ നരേന്ദ്ര മോദി ഒന്നാമതായി എത്തിയത്.
ഞായറാഴ്ച രാത്രി അവസാനിച്ച അഭിപ്രായ വോട്ടൊടുപ്പില്‍ മോദി 18 ശതമാനം വോട്ട് നേടി മുന്നിലെത്തിയെന്ന് ടൈം മാഗസിന്‍ അറിയിച്ചിരുന്നു.
ബറാക് ഒബാമ, ഡൊണാള്‍ഡ് ട്രംപ്, വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജെ എന്നിവര്‍ക്ക് ഏഴ് ശതമാനം വോട്ട് മാത്രമെ ലഭിച്ചിരുള്ളൂ. എന്നാല്‍ അന്തിമഫലം നിര്‍ണ്ണയിച്ചത് ടൈംസ് എഡിറ്റര്‍മാരുടെ കൂട്ടായ്മയായിരുന്നു.
ഏറ്റവുമധികം ആളുകള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലായിരുന്നു വിധിയെഴുത്തെങ്കില്‍ ഈ വര്‍ഷത്തെ ലോകതാരമായി മോദിയായിരുന്നു തിരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നത്.
എന്നാല്‍ അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അമേരിക്കക്കാരുടെ ഉടമസ്ഥതയിലുള്ള മാഗസിന്‍ വര്‍ഗ്ഗസ്വഭാവം കാണിച്ചതോടെ ട്രംപ് മുന്നില്‍ കയറിക്കൂടുകയായിരുന്നു.
ടൈം പത്രാധിപ സമിതിയിലെ ഏതാനും വ്യക്തികളാണ് ലക്ഷങ്ങള്‍ പങ്കെടുത്ത വോട്ടിങ്ങിന്റെ ഫലത്തെ അട്ടിമറിച്ച് ട്രംപിന് തിലകം ചാര്‍ത്തി കൊടുത്തിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഏറ്റവുമധികം വോട്ട് ലഭിച്ചിരുന്നത് പോലും എതിര്‍സ്ഥാനാര്‍ത്ഥിയായ ഹിലാരി ക്ലിന്റനായിരുന്നുവെന്നതും ഓര്‍ക്കണം. മാത്രമല്ല ട്രംപ് പ്രസിഡന്റായതോടെ വലിയ ജനരോക്ഷത്തെ അമേരിക്കയില്‍ അദ്ദേഹത്തിന് നേരിടേണ്ടിയും വന്നിരുന്നു.
പല മാധ്യങ്ങളും ലോകത്ത് ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്താറുണ്ടെങ്കിലും ടൈം മാഗസിന്റെ പുരസ്‌കാരത്തിന് വലിയ പ്രാധാന്യമാണ് ലോകത്ത് ലഭിച്ച് വന്നിരുന്നത്.
ഏതാനും വ്യക്തികള്‍ ചേര്‍ന്ന ടൈം പത്രാധിപ സമിതിക്ക് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുക്കാനായിരുന്നുവെങ്കില്‍ പിന്നെ എന്തിനാണ് ഓണ്‍ലൈന്‍ വോട്ടിങ് എന്ന പ്രഹസനം നടത്തിയതെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.
ടൈം മാഗസിന്റെ ‘ടൈം’ ശരിയായില്ലെന്ന വിമര്‍ശനങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു.