അവര്‍ അതിര്‍ത്തികടന്നിരുന്നെങ്കില്‍ നായ്ക്കളും ആയുധങ്ങളും കൊണ്ട് നേരിടുമായിരുന്നു: ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയില്‍ പൊലീസിന്റെ വംശവെറിക്കെതിരെ വിവിധ നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ ആളിപടരുന്നു. അമേരിക്കയില്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ജോര്‍ജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ടാണ് നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.

പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസ് അതിര്‍ത്തികടന്നിരുന്നെങ്കില്‍ അവരെ ക്രൂരന്മാരായ നായ്ക്കളേയും അപകടകരമായ ആയുധങ്ങളും കൊണ്ട് നേരിടുമായിരുന്നെന്ന് ട്രംപ് പറഞ്ഞു. വലിയ പ്രതിഷേധക്കൂട്ടമായിരുന്നു വൈറ്റ് ഹൗസിന് പുറത്ത്, അവര്‍ സംഘടിച്ചു. എന്നാല്‍ ആരും തന്നെ വൈറ്റ് ഹൗസിന്റെ അതിര്‍ത്തി കടന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവരെ നീചന്മാരായ നായ്ക്കളേയും അപകടകരമായ ആയുധങ്ങളും കൊണ്ട് നേരിട്ടേനെ, നിരവധി രഹസ്യ സര്‍വ്വീസ് ഏജന്റുകള്‍ കര്‍മ്മനിരതരായി കാത്തിരിക്കുന്നുണ്ട്. ട്രംപ് പറഞ്ഞു.

അമേരിക്കയിലെ മിനിയാപോളിസില്‍ ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലിചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എനിക്ക് ശ്വാസം മുട്ടുന്നു, വെള്ളം വേണമെന്ന് ജോര്‍ജ് ഫ്‌ളോയിഡ് പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ മിനിയപൊളിസ് തെരുവുകള്‍ കലാപസമാനമായി. പ്രതിഷേധക്കാര്‍ ഒന്നടങ്കം തെരുവിലിറങ്ങി. കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ക്കുകയും കെട്ടിടങ്ങള്‍ക്ക് തീയിടുകയും ചെയ്തു.

അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും പ്രതിഷേധം പടര്‍ന്നു. വൈറ്റ് ഹൈസ് സ്ഥിതി ചെയ്യുന്ന ലാഫയെറ്റെ സ്‌ക്വയറിലും പ്രതിഷേധക്കാര്‍ സംഘടിച്ചു, മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് വൈറ്റ് ഹൗസ് താല്ക്കാലികമായി ലോക്ക് ഡൗണ്‍ ചെയ്തു. ഇതിനെക്കുറിച്ചാണ് ട്രംപ് പ്രതികരിച്ചത്. അതേസമയം, പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസിനെ അയക്കാത്തത് വാഷിങ്ടണ്‍ മേയറുടെ കഴിവുകേടാണെന്നും ട്രംപ് ആരോപിച്ചു.

Top