വിരോധം അയയുന്നുവോ ? ഇറാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്ന് ട്രംപ് !

വാഷിംഗ്ടണ്‍: പോര് മുറുകുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്താന്‍ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റൂഹാനിയുമായി സൗഹൃദ സംഭാഷണത്തിന് തയറാണെന്നു ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പെ കോണ്ടിയുമായി നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തിലാണ് ട്രംപ് പറഞ്ഞത്.

ഇറാനുമായി കൂടിക്കാഴ്ച നടത്താന്‍ തയാറാണ്. അവര്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും നടത്താം. എന്നാല്‍ ഇറാന്‍ അതിന് തയാറാണോയെന്ന് അറിയില്ലെന്നും റൂഹാനിയുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണോയെന്ന കോണ്ടിയുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, നാറ്റോ നേതാക്കള്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. മികച്ച ഫലം സൃഷ്ടിക്കാനായാല്‍ ഇറാനുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നതായും ട്രംപ് വ്യക്തമാക്കി.

ഇറാനുമായുള്ള ആണവകരാരില്‍ നിന്നു യുഎസ് പിന്മാറിയത് ഇരുരാജ്യങ്ങളും തമ്മില്‍ വിരോധത്തിന് വഴിവെച്ചിരുന്നു.

Top