വാഷിങ്ടണ്‍: തുടര്‍ച്ചയായ ആണവ മിസൈല്‍ വിക്ഷേപണത്തെ തുടര്‍ന്ന് ഇടഞ്ഞ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രപും തമ്മിലുള്ള വാഗ്വാദങ്ങള്‍ അയയുന്നു. കിം ജോങ് ഉന്നുമായി ഫോണ്‍ സംഭാഷണത്തിനു പരിപൂര്‍ണ സമ്മതം അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്തെത്തി.
ഉത്തരകൊറിയയും, ദക്ഷിണകൊറിയയും തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ പുരോഗമനപരമായ മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും ട്രംപ് പറഞ്ഞു. മേരിലാന്‍ഡിലെ ക്യാംപ് ഡേവിഡില്‍ പ്രസിഡന്‍ഷ്യല്‍ റിട്രീറ്റില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ട്രംപ്.
ദക്ഷിണ കൊറിയയുമായി രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന ചര്‍ച്ച അടുത്തയാഴ്ച പുനരാരംഭിക്കാമെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു.
നേരത്തെ, ഉത്തര കൊറിയയുമായി ജനുവരി ഒമ്പതിന് ഉന്നതതല ചര്‍ച്ച നടത്തുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചിരുന്നു. ശീതകാല ഒളിമ്പിക്സിൽ ഉത്തര കൊറിയൻ താരങ്ങളെ പങ്കെടുപ്പിക്കുന്നത് ബന്ധപ്പെട്ടാണ് ചർച്ചയെന്നു ദക്ഷിണ കൊറിയ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ചർച്ചയിലൂടെ ഇരു രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് സൂചനകൾ.
ദക്ഷിണ കൊറിയയില്‍ വെച്ച് നടക്കുന്ന ശീതകാല ഒളിംപിക്സില്‍ ഉത്തര കൊറിയയുടെ ടീമിനെ പങ്കെടുപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും കിം വ്യക്തമാക്കിയതിനാലാണ് ദക്ഷിണ കൊറിയയുടെ പുതിയ തീരുമാനം. ഉത്തര കൊറിയൻ പ്രതിനിധികളുമായി പാൻമുൻജോം പ്രവിശ്യയിൽ വച്ച് കൂടിക്കാഴ്ച നടത്തുമെന്ന് ദക്ഷിണ കൊറിയൻ ഏകീകരണ മന്ത്രി ചോ മൈയംഗ് ഗ്യോംഗ് പറഞ്ഞു.
ഒളിംപിക്സില്‍ ഉത്തര കൊറിയ പങ്കെടുക്കുന്നതിലൂടെ സമാധാനവും , ഐക്യവും പുനഃസ്ഥാപിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ചൂണ്ടിക്കാട്ടി.