വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വലിയ പ്രശ്നങ്ങളാണ് നിലനില്‍ക്കുന്നത്. അത് കൊണ്ട് ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനോ മറ്റു സഹായങ്ങള്‍ക്കോ താന്‍ തയ്യാറാണെന്നാണ് ട്രംപ് വീണ്ടും ആവര്‍ത്തിക്കുന്നത്.
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിശദീകരണവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് രംഗത്തെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളില്‍ അയവ് വരുത്തേണ്ട ആവശ്യകത യുഎസ് പ്രസിഡന്റ് ബോധ്യപ്പെടുത്തി.
കശ്മീര്‍ വിഷയം ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യേണ്ട ഉഭയകക്ഷി തര്‍ക്കമാണെങ്കിലും ആവശ്യപ്പെട്ടാല്‍ മാത്രം സഹായത്തിന് യുഎസ് പ്രസിഡന്റ് തയ്യാറാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിനും ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അമേരിക്കയ്ക്ക് ദീര്‍ഘകാല താത്പര്യമുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വിശദീകരിച്ചു.
എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ മാത്രമേ നടത്തുവെന്നും മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നുമാണ് ഇന്ത്യയുടെ ഉറച്ച നിലപാട്.