വാഷിംഗ്ടണ്‍: ഉത്തരകൊറിയ, വെനസ്വേല എന്നീ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് കൂടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യാത്രാവിലക്ക് ഏര്‍പ്പെടുത്തി.
ഒക്ടോബര്‍ 18 മുതല്‍ ഇതുസംബന്ധിച്ച പുതിയ നിമയം പ്രാബല്യത്തില്‍ വരും. ഛാഡ്, ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍ എന്നീ രാജ്യങ്ങള്‍ക്ക് കൂടി യാത്രാവിലക്ക് ബാധകമാണ്.
രാജ്യസുരക്ഷയ്ക്കാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഭീഷണിയാണെന്ന് തോന്നുന്നവരെ രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും പുതിയ നിയമം പാസാക്കിയതിന് പിന്നാലെ ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
എന്നാല്‍ വെനസ്വേലയക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ബാധകമാവുന്നത്.
ഇതിനിടെ സുഡാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ യാത്രവിലക്ക് നീക്കിയിട്ടുണ്ട്. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നേരത്തെ തന്നെ വിവാദമായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്.