ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലേക്ക് മൊബൈൽ വെന്റിലേറ്ററുകൾ അയക്കാനൊരുങ്ങി അമേരിക്ക. ഒന്നിന് ഏകദേശം 10 ലക്ഷം രൂപ വില വരുന്ന 200 മൊബൈൽ വെന്റിലേറ്ററുകളാണ് അമേരിക്ക ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. മെയ് മാസം അവസാനവാരമോ, ജൂൺ ആദ്യവാരമോ വെന്റിലേറ്ററുകൾ ഇന്ത്യയിൽ എത്തുമെന്നാണ് വിവരം.
ഒരു വെന്റിലേറ്ററിന് 13,000 ഡോളറാണ് വില(9.6 ലക്ഷം രൂപ). ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തിന്റെ ദൃഢത അടിവരയിട്ടുറപ്പിക്കുന്നതിനായി ഇന്ത്യയിലേക്ക് വെന്റിലേറ്ററുകൾ അയയ്ക്കാനുള്ള തീരുമാനം ട്വിറ്ററിലൂടെയാണ് ട്രംപ് പ്രഖ്യാപിച്ചത്. കോവിഡ് പ്രതിരോധ വാക്‌സിനായി അമേരിക്കയും ഇന്ത്യയും സഹകരിച്ച് പ്രവർത്തിക്കുമെന്നും ട്രംപ് പറഞ്ഞു.’ഞങ്ങൾ ഈ മഹാമാരിയുടെ സമയത്ത് ഇന്ത്യക്കും നരേന്ദ്ര മോദിക്കുമൊപ്പം നിൽക്കുന്നു. വാക്‌സിൻ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായും സഹകരിക്കുന്നുണ്ട്. ഒന്നിച്ച് നാം അദൃശ്യനായ ഈ ശത്രുവിനെ നാം തോൽപ്പിക്കും.’ ട്രംപ് ട്വീറ്റ് ചെയ്തു.
I am proud to announce that the United States will donate ventilators to our friends in India. We stand with India and @narendramodi during this pandemic. We’re also cooperating on vaccine development. Together we will beat the invisible enemy!
— Donald J. Trump (@realDonaldTrump) May 15, 2020
അമേരിക്കയുടെ അഭ്യർത്ഥനയെ തുടർന്ന് മലമ്പനി പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ ഇന്ത്യ കയറ്റി അയച്ചിരുന്നു. അതിന് പിറകെയാണ് അമേരിക്ക കോവിഡ് പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലേക്ക് വെന്റിലേറ്ററുകൾ അയയ്ക്കുന്നത്.