ന്യൂയോര്‍ക്ക്: ട്രംപിന്റെ വിശ്വസ്തനെ നികുതിവെട്ടിപ്പിന് ശിക്ഷിച്ച് അമേരിക്കൻ കോടതി. ട്രംപ് ഓർഗനൈസഷന്‍റെ ചീഫ് ഫൈനാൻഷ്യൽ ഓഫീസറായിരുന്ന, അലൻ വൈസൽബെർഗി (75) നാണ് ന്യൂയോർക്ക് കോടതി അഞ്ച് മാസത്തെ തടവ് വിധിച്ചത്. ട്രംപ് ഓർഗനൈസേഷനെ പതിനഞ്ച് വർഷത്തോളം നികുതി വെട്ടിക്കാൻ സഹായിച്ചതിനാണ് ശിക്ഷ. 2005 മുതൽ 2021 വരെ ട്രംപിന്റെ റിയൽ എസ്റ്റേറ്റ് ആൻറ് എൻറർടൈൻമെന്റ് ഗ്രൂപ്പിന്റെ പ്രസിഡൻറായിരുന്നു അലൻ വൈസൽബെർഗ്.
വിചാരണയ്ക്കിടെ 15 ഓളം നികുതി തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നിട്ടുള്ളതായി അദ്ദേഹം കുറ്റസമ്മതം നടത്തിയിരുന്നു. അലൻ വീസൽബർഗിന് 1.7 മില്യൺ ഡോളർ തൊഴിൽ ആനുകൂല്യങ്ങളിൽ നിന്നുള്ള നികുതിയാണ് വെട്ടിച്ചത്. ട്രംപിനെതിരെയോ അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയോ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്‍റെ സ്ഥാപനത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ളത്. ശിക്ഷ പ്രഖ്യാപിക്കുന്നതിനിടെ 13 വര്‍ഷം ഇയാള്‍ സര്‍ക്കാറിനെ കബളിപ്പിച്ചതായി ന്യൂയോർക്ക് ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ഫെഡറൽ അഭിപ്രായപ്പെട്ടു.
ഡിസംബർ 6-ന് അലൻ വീസൽബർഗ് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ചതിന് സമാനമായ 17 നികുതി വെട്ടിപ്പ് ആരോപണങ്ങളിൽ ട്രംപ് ഓർഗനൈസേഷനെയും സഹോദര സ്ഥാപനമായ ട്രംപ് പേറോൾ കോർപ്പറേഷനെയും ശിക്ഷിക്കപ്പെടാൻ പ്രോസിക്യൂട്ടർമാരെ സഹായിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ തന്‍റെ സ്ഥാപനത്തിനെതിരെ മൊഴി നല്‍കിയെങ്കിലും സ്ഥാപന ഉടമയും മുന്‍ പ്രസിഡന്‍റുമായ ട്രംപിനെതിരെ തെളിവ് നല്‍കാന്‍ അലന്‍ വൈസൽബെർഗ് തയ്യാറായില്ല.
ട്രംപിന്റെ അടുത്ത കുടുംബ സുഹൃത്തായ വെയ്‌സൽബെർഗ്, മാൻഹട്ടൻ പരിസരത്ത് വാടക രഹിത അപ്പാർട്ട്‌മെന്‍റും തനിക്കും ഭാര്യയ്ക്കും ആഡംബര കാറുകളും കൊച്ചുമക്കൾക്ക് സ്വകാര്യ സ്‌കൂൾ ട്യൂഷൻ തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി കമ്പനിയുമായി പദ്ധതിയിട്ടിരുന്നതായി കോടതിയില്‍ സമ്മതിച്ചിരുന്നു. വെയ്‌സൽബർഗിന്റെ നികുതി തട്ടിപ്പിന് ട്രംപ് ഓർഗനൈസേഷൻ ഒരു ഉത്തരവാദിത്തവും വഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ന്യൂയോര്‍ക്കില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിനെ മന്ത്രവാദിനി വേട്ട എന്നായാരുന്നു ട്രംപ് വിശേഷിപ്പിച്ചത്.