ട്രംപിനെക്കുറിച്ച് പുതിയ പുസ്തകം വരുന്നു; എഴുത്തുകാരി ട്രംപിന്റെ അനന്തരവള്‍ !

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് പുതിയ പുസ്തകം വരുന്നു. ട്രംപിന്റെ മുതിര്‍ന്ന സഹോദരനും പരേതനുമായ ഫ്രെഡ് ട്രംപിന്റെ മകള്‍ മേരി ട്രംപാണ് പുതിയ പുസ്തകത്തിന്റെ രചയിതാവെന്നാണ് റിപ്പോര്‍ട്ട്.

വരുന്ന ഓഗസ്റ്റ് പതിനൊന്നോടെയായിരിക്കും ഈ പുസ്തകം വിപണിയിലെത്തുകയെന്ന് പ്രസാധകരായ സൈമണ്‍ ആന്റ് ഷൂസ്റ്റര്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

” Too Much and Never Enough : How Our Family Created the Most Dangerous Man in the World ”’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ ട്രംപിനെക്കുറിച്ചുള്ള നിരവധി സ്‌തോഭജനകമായ വിവരങ്ങളുണ്ടാവുമെന്നാണറിയാന്‍ കഴിയുന്നത്.

ന്യൂയോര്‍ക്ക് ടൈംസിന് പുലിറ്റ്‌സര്‍ അവാര്‍ഡ് നേടിക്കൊടുത്ത പ്രസിഡന്റ് ട്രംപിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍ താനായിരുന്നുവെന്ന് മേരി ട്രംപ് തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ടെന്ന് സൂചനയുണ്ട്.

പ്രസിഡന്റ് ട്രംപിന് പിതൃസ്വത്തായി 40 കോടി ഡോളര്‍ ലഭിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ട്രംപ് കുടുംബത്തിന്റെ നികുതി രേഖകള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടായിരുന്നു ഇത്. തന്റെ സ്വത്തുക്കള്‍ താന്‍ സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയതാണെന്ന ട്രംപിന്റെ അവകാശവാദമാണ് ഈ റിപ്പോര്‍ട്ട് പൊളിച്ചെഴുതിയത്.

അതേസമയം, ന്യയോര്‍ക്ക് ടൈംസ് ലേഖകര്‍ക്ക് ട്രംപ് കുടുംബത്തിന്റെ നികുതി രേഖകള്‍ താനാണ് കൈമാറിയതെന്ന് മേരി ട്രംപ് തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നാണറിയുന്നത്. എന്നാല്‍ പുസ്തകത്തിന്റെ പ്രസാധകരും ന്യൂയോര്‍ക്ക് ടൈംസും ഈ അവകാശവാദത്തോട് പ്രതികരിച്ചിട്ടില്ല.

പ്രസിഡന്റ് ട്രംപിന്റെ ജ്യേഷ്ഠ സഹോദരനായ ഫ്രെഡ് ട്രംപ് അമിത മദ്യപാനത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നിമിത്തം 42 ാമത്തെ വയസ്സിലാണ് മരിച്ചത്. മദ്യപാനം ഉപേക്ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ജ്യേഷ്ഠന്റെ മരണമായിരുന്നെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞിട്ടുണ്ട്. ഫ്രെഡിന് രണ്ട് മക്കളാണ്. ഫ്രെഡ് മൂന്നാമനും മേരിയും.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അനന്തരവളുടെ പുസ്തകം പ്രസിഡന്റ് ട്രംപിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അതേസമയം, ട്രംപിന്റെ സുരക്ഷാ ഉപദേശകനായിരുന്ന ജോണ്‍ ബോള്‍ട്ടന്റെ പുസ്തകവും ഉടനെ പുറത്തിറങ്ങുമെന്നാണ് സൂചന.

Top