വാഷിങ്ടണ്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് നിയമപരമായ ഇളവും പ്രത്യേക പരിരക്ഷയും നല്‍കാന്‍ ട്രംപ് ഭരണകൂടത്തിന്റെ നീക്കം. കാനഡയില്‍ ജീവിക്കുന്ന മുന്‍ സൗദി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ വധ ശ്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ അമേരിക്ക പുതിയ കാല്‍വെയ്പ്പുമായി എത്തിയിരിക്കുന്നത്. യു.എസുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പങ്കുവെച്ച സൗദിയുടെ മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്.
മുഹമ്മദ് ബിന്‍ സല്‍മാന്‍ സെപ്തംബറില്‍ തന്നെ കൊല്ലാന്‍ ഒരു സംഘം ഏജന്റുമാരെ കാനഡയിലേക്ക് അയച്ചുവെന്ന പരസ്യ ആരോപണവുമായി സൗദി ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ ഉന്നത സഹായി സാദ് അല്‍ജാബ്രി രംഗത്തു വന്നിരുന്നു. തന്റെ വാദങ്ങള്‍ സാധൂകരിക്കുന്ന നിരവധി തെളിവുകളും സാദ് കോടതിയില്‍ നിരത്തി.
ജമാല്‍ ഘഷോഗ്ജിയെ കൊലപ്പെടുത്തിയ അതേ കൊലപാതക സംഘത്തിലെ അംഗങ്ങളെ സൗദി രാജകുമാരന്‍ കാനഡയിലേക്ക് അയച്ചുവെന്നാണ് സാദ് അല്‍ജാബ്രിയുടെ വാദം.
അമേരിക്കയുടെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഘഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ നിന്നുള്‍പ്പെടെ മുഹമ്മദ് ബിന്‍ സല്‍മാനെ ഒഴിവാക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുമെന്നാണ് കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന സൂചന.
അതേസമയം ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയുന്നതിന് മുന്‍പ് മുഹമ്മദ് ബിന്‍ സല്‍മാന് പ്രത്യേക പരിരക്ഷ അനുവദിക്കാന്‍ സാധിക്കുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. സാധാരണ നിലയില്‍ രാജ്യങ്ങളുടെ ഭരണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഇത്തരത്തിലുള്ള ഇളവുകളും പ്രത്യേക പരിരക്ഷയും അന്താരാഷ്ട്ര നിയമങ്ങള്‍ കൂടി പരിഗണിച്ച് നല്‍കാറുണ്ട്.