‘ഒരു ചുക്കും സംഭവിച്ചില്ല എല്ലാം സുരക്ഷിതം’; ട്വീറ്റ് ചെയ്ത് ഡൊണാള്‍ഡ് ട്രംപ്

റാഖിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ഇറാന്റെ മിസൈല്‍ അക്രമണത്തില്‍ 80ഓളം പേര്‍ കൊല്ലപ്പെട്ട വാര്‍ത്തകള്‍ക്കിടെ എല്ലാം സുരക്ഷിതമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. ഇതുവരെ എല്ലാം നന്നായി പോകുന്നുവെന്നും, എല്ലാം സുരക്ഷിതമെന്നുമാണ് ട്രംപിന്റെ നിലപാട്. ബാലിസ്റ്റിക് മിസൈലുകള്‍ വന്നുപതിച്ചതില്‍ എത്രത്തോളം ആള്‍നാശവും, മറ്റ് തകര്‍ച്ചകളും നേരിട്ടെന്ന് പരിശോധിക്കുന്നതിന് ഇടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വീറ്റ്.

ഇറാന്‍ ജനറലിനെ വധിച്ചതിന് പകരംവീട്ടാനാണ് ഇറാഖിലെ അമേരിക്കന്‍ സൈന്യങ്ങള്‍ തമ്പടിക്കുന്ന രണ്ട് ബേസുകളിലേക്ക് ഇറാന്‍ ഡസന്‍ കണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തത്. ‘എല്ലാം നന്നായി പോകുന്നു. ഇറാനില്‍ നിന്നും ഇറാഖിലെ രണ്ട് സൈനിക ബേസുകളിലേക്ക് മിസൈലുകള്‍ എത്തി. ആള്‍നാശവും, മറ്റ് നഷ്ടങ്ങളും പരിശോധിച്ച് വരികയാണ്. ഇതുവരെ എല്ലാം നന്നായി പോകുന്നു. ലോകത്തില്‍ ഇതുവരെ ആര്‍ക്കുമില്ലാത്ത ശക്തവും, സുസജ്ജവുമായ സൈന്യമാണ് നമുക്കുള്ളത്’, ട്രംപ് മിസൈല്‍ അക്രമണം സംബന്ധിച്ച് ട്വീറ്റ് ചെയ്തു.

ഇറാന്റെ അക്രമങ്ങള്‍ സംബന്ധിച്ച് താന്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി. 2018 ഡിസംബറില്‍ പ്രസിഡന്റ് സന്ദര്‍ശിച്ച എയിന്‍ അല്‍ അസദ് എയര്‍ബേസും, ഇറാഖി കുര്‍ദിസ്ഥാനിലെ എര്‍ബില്‍ ബേസിലുമാണ് മിസൈലുകള്‍ പതിച്ചത്. യുഎസ് സൈന്യത്തിനും, സഖ്യസേനകളെയും ലക്ഷ്യംവെച്ച മിസൈലുകള്‍ ഇറാനില്‍ നിന്നാണ് എത്തിയതെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു. തകര്‍ന്ന കെട്ടിടങ്ങളില്‍ പരിശോധന തുടരുകയാണ്. ഇതിന് ശേഷമാകും ഔദ്യോഗികമായി പ്രതികരണം എത്തുക.

ഇറാന്‍ മിസൈല്‍ അക്രമണ പദ്ധതിയില്‍ അമേരിക്കയ്ക്ക് മുന്‍കൂര്‍ വിവരം ലഭിച്ചിരുന്നതിനാല്‍ രണ്ട് ബേസുകളിലും ആപല്‍സൂചന നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ബേസിലുള്ളവര്‍ക്ക് ബങ്കറുകളിലേക്ക് നീങ്ങാന്‍ സമയം ലഭിച്ചെന്ന് യുഎസ്എ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ബേസിലെ യുഎസ് സൈനികര്‍ ഏതാനും നാളുകളായി സുരക്ഷാ ഡ്രില്ലുകളില്‍ പരിശീലനം നേടി വന്നിരുന്നു.

Top