വാഷിംഗ്ടണ്‍: അധികാരമേറ്റാലുടന്‍ ഒറ്റ ചൈന നയത്തില്‍ മാറ്റം വരുത്തുമെന്ന് നിയുക്ത അമേരിക്ക പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒറ്റ ചൈന നയം അവസാനിപ്പിക്കാന്‍ സമയമായി. ചൈനയുമായി അത്തരമൊരു ധാരണയുടെ ആവശ്യമായി.
ഈ നയവുമായി മുന്നോട്ടു പോകുന്നതില്‍ അമേരിക്കയ്ക്ക് പ്രത്യേകിച്ച് നേട്ടം ഒന്നുമില്ലെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
വ്യാപാര മേഖലയിലടക്കം ഏതെങ്കിലും തരത്തില്‍ ചൈനയുമായി നിലവില്‍ ഇടപാടുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു നയത്തെ അംഗീകരിക്കേണ്ടതുള്ളൂ. നിലവില്‍ അങ്ങനെയൊരു സാഹചര്യമില്ല.
അതുകൊണ്ട് താന്‍ പ്രസിഡന്റായി അധികാരമേറ്റാലുടന്‍ നയത്തില്‍ മാറ്റമുണ്ടാക്കുമെന്നും ട്രംപ് വ്യക്തമാക്കി. തങ്ങളുടെ വിഘടിതപ്രദേശമായാണ് ചൈന തയ്വാനെ കാണുന്നത്. 1979ല്‍ യുഎസ് അംഗീകരിച്ച ഈ നയമാണ് ട്രംപ് ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നത്.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ സഹായം കിട്ടിയെന്ന ആരോപണവും ട്രംപ് നിഷേധിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വി മറക്കാനുള്ള ഡെമോക്രാറ്റുകളുടെ മുടന്തന്‍ ന്യായമാണിത്.
സംഭവത്തിനു പിന്നില്‍ റഷ്യയോ ചൈനയോ അതോ മറ്റാരെങ്കിലും ആണോയെന്ന് അവര്‍ക്കറിയില്ല. ഒരിക്കല്‍ സൈബര്‍ ആക്രമണം നടത്തിയിട്ടും അവരെ പിടികുടാന്‍ സാധിച്ചിട്ടില്ലെങ്കില്‍ പിന്നീടൊരിക്കലും അവരെ പിടിക്കാനാകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.