ഭീകരവാദത്തിനെതിരെ താക്കീതുമായി ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ പാകിസ്താനിലേക്ക്

വാഷിങ്ടന്‍: ഭീകരതയെ അനുകൂലിക്കുന്ന ശൈലിയില്‍ മാറ്റമില്ലാത്ത തുടരുന്ന പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഇതിനായി യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ തന്റെ സന്ദേശവുമായി പാക്കിസ്ഥാനിലേക്ക് ട്രംപ് അയക്കും.

വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഈമാസം അവസാനം പാക്കിസ്ഥാനിലെത്തും. ടില്ലേഴ്‌സണിന് പിന്നാലെ യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും.

ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്ന വിഷയത്തില്‍ കര്‍ശന മുന്നറിയിപ്പുമായാണ് ഇരുവരും പാക്കിസ്ഥാനിലെത്തുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ആക്രമിക്കുന്ന താലിബാന്‍ അടക്കമുള്ള ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ താവളമൊരുക്കുന്നെന്നും മേഖലയ്ക്ക് ഇവര്‍ വലിയ ഭീഷണിയാണെന്നുമാണ് യുഎസ് ആരോപിക്കുന്നത്.

പാക്ക് പ്രധാനമന്ത്രി, സൈനിക മേധാവി ഉള്‍പ്പെടെയുള്ളവരുമായി റെക്‌സ് ടില്ലേഴ്‌സണും ജിം മാറ്റിസും കൂടിക്കാഴ്ച നടത്തും. തുടര്‍ന്നും ഭീകരതയെ അനുകൂലിക്കുകയാണെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് യുഎസ് മുന്നറിയിപ്പ്.

പാക്കിസ്ഥാന്റെ ഭീകരതാശൈലിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ‘വേണ്ടതെന്താണോ അതു ചെയ്യും’ എന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞിരുന്നു.

Top