വാഷിങ്ടണ്‍: ഐഎസ് ഭീകരര്‍ക്കെതിരെ തുറന്നടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐഎസ് ഭീകരരെ പതുങ്ങി നടക്കുന്ന വൃത്തികെട്ടവരെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപ് ഇങ്ങനെ പറഞ്ഞത്.
അവര്‍ ഷോപ്പിംഗ് മാളുകളിലും പള്ളികളിലും ജനങ്ങളെ കൊല്ലുകയാണ്. അവര്‍ ഭ്രാന്തു പിടിച്ചവരാണ്. എങ്കിലും ജയം നമുക്കായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
വെളിപ്പെടുത്താത്ത രീതിയിലുള്ള ഒളിപ്പോര്‍ നടത്തുന്നതു കൊണ്ട് തന്നെ ഐഎസ് വളരെ ഭീഷണിയുയര്‍ത്തുന്നുണ്ട്. സൈനിക യൂണിഫോമില്ലാതെ മുക്കിലും മൂലയിലും പതുങ്ങിയിരിക്കുന്ന പിശാചുക്കളാണ് അവര്‍. യൂണിഫോമില്ലാതെ, തിരിച്ചറിയാന്‍ സാധിക്കാത്ത ഇത്തരക്കാരോടാണ് നാം യുദ്ധം ചെയ്യുന്നത് ട്രംപ് കൂട്ടിച്ചേര്‍ത്തു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മനിയോടും ജപ്പാനോടും യുദ്ധം ചെയ്തവരാണ് അമേരിക്ക. അവരുടെ സൈനികര്‍ക്ക് യൂണിഫോമും വിമാനങ്ങളില്‍ അവരുടെ രാജ്യത്തിന്റെ പതാകയുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നാം യുദ്ധം ചെയ്യുന്നത് പതുങ്ങി നടക്കുന്ന വൃത്തികെട്ട എലികളുമായാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
തന്റെ ഭരണത്തിന് കീഴില്‍ ഭീകരരെ അടിച്ചമര്‍ത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ട്രംപ് ഐഎസ് ഭീകരര്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു.