വാഷിംഗ്ടണ്‍: കുടിയേറ്റ രാജ്യങ്ങള്‍ക്കെതിരെ തുറന്നടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിലാണ് ട്രംപ് അസഭ്യ പരാമര്‍ശം നടത്തിയത്.
വൃത്തികെട്ട രാജ്യങ്ങളില്‍ നിന്നും ഞങ്ങള്‍ എന്തിന് ജനങ്ങളെ സ്വീകരിക്കണമെന്ന് സെനറ്റിലെയും, കോണ്‍ഗ്രസിലെയും അംഗങ്ങളോട് ട്രംപ് ചോദിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് പ്രധാനമായും ട്രംപ് ഉന്നം വച്ചതെന്നാണ് വിലയിരുത്തല്‍.
അമേരിക്കയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് കുടിയേറ്റ പദ്ധതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം. വിദേശ പൗരന്‍മാരുടെ അമേരിക്കയിലെ കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നിയമം അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ്, സെനറ്റ് അംഗങ്ങള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ വിദേശ പൗരന്‍മാരുടെ കുടുംബാംഗങ്ങളെ എത്തിക്കുന്നത് തടയുന്നതിനും ഗ്രീന്‍ കാര്‍ഡ് വിസ നിയന്ത്രിക്കുന്നതിനുനാണ് പ്രധാന നീക്കം.
ഇറാന്‍, ഇറാഖ്, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കു അമേരിക്ക നേരത്തെ യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ നടപടി കീഴ്‌ക്കോടതിയും അപ്പീല്‍ക്കോടതിയും തള്ളുകയും ചെയ്തിരുന്നു.