കാപ്പിറ്റോള്‍ കാലാപം; ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു, വീഡിയോകള്‍ നീക്കി

വാഷിംടണ്‍: യുഎസ് കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപവുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചു. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 12മണിക്കൂര്‍ നേരത്തേക്കാണ് നടപടി. ട്വിറ്റര്‍ നിയമങ്ങള്‍ തുടര്‍ന്നും ലംഘിക്കുകയാണെങ്കില്‍ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യുമെന്നും ട്വിറ്റര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ട്രംപ് തന്റെ അനുകൂലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വീഡിയോ ഫെയ്സ്ബുക്കും യുട്യൂബും നീക്കം ചെയ്തിട്ടുണ്ട്. യുഎസ് ക്യാപിറ്റോളിലെ കലാപകാരികളോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുന്ന വീഡിയോയില്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന വാദം ആവര്‍ത്തിക്കുന്നുണ്ട്. ഇത് നിലവിലെ സ്ഥിതി കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ എന്ന വിലയിരുത്തലിലാണ് ട്രംപിന്റെ വീഡിയോ ഫെയ്സ്ബുക്ക് നീക്കം ചെയ്തിരിക്കുന്നത്.

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്. പ്രതിഷേധക്കാരോടു സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ച ട്രംപ് ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവര്‍ത്തിച്ചു.

കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാഷിങ്ടണ്‍ ഡിസി മേയര്‍ മുരിയെല്‍ ബൗസെര്‍ വൈകീട്ട് ആറുമണിമുല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഫ്യൂ സമയത്ത് ആളുകളോ വാഹനങ്ങളോ പുറത്തിറങ്ങരുതെന്ന് ഉത്തരവില്‍ കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍ അവശ്യസേവനദാതാക്കളെയും മാധ്യമങ്ങളെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിര്‍ജീനിയയിലും ഗവര്‍ണര്‍ റാല്‍ഫ് നോര്‍ഥാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വാഷിങ്ടണിനോട് ചേര്‍ന്നുളള അലക്സാണ്ട്രിയ, അര്‍ലിങ്ടണ്‍ എന്നിവിടങ്ങളില്‍ വൈകീട്ട് ആറുമുതല്‍ രാവിലെ ആറുമണിവരെ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎസ് ക്യാപിറ്റോളില്‍ കലാപം നടത്തിയ ട്രംപ് അനുകൂലികളെ ദേശസ്നേഹികളെന്നാണ് ഇവാങ്ക ട്രംപ് വിശേഷിപ്പിച്ചത്. പിന്നീട് ഈ ട്വീറ്റ് നീക്കം ചെയ്തു.

Top