കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു; ആശുപത്രിയ്ക്ക് പുറത്തിറങ്ങി ട്രംപ്

വാഷിങ്ടണ്‍; കോവിഡ് ബാധിതനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ അനുയായികളെ അഭിസംബോധന ചെയ്യാനിറങ്ങിയ സംഭവത്തില്‍ വിമര്‍ശനം ശക്തമാകുന്നു. ഏവരേയും ആശ്ചര്യപ്പെടുത്തി കൊണ്ട് ഞായറാഴ്ച വാഷിംഗ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിക്ക് പുറത്താണ് ട്രംപ് എത്തിയത്. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ആശുപത്രിക്ക് പുറത്തെത്തിയ ട്രംപ് അനുയായികളെ കൈവീശിക്കാണിക്കുകയും കുറച്ചു സമയത്തിന് ശേഷം ആശുപത്രിയിലേക്ക് തിരികെ കയറുകയും ചെയ്തു. മാസ്‌ക് ധരിച്ചാണ് വാഹനത്തില്‍ ട്രംപ് ഇരുന്നത്.

ട്രംപിന്റെ നടപടി തെറ്റായ സന്ദേശമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും രോഗത്തെ നിസാരവത്കരിക്കുകയാണെന്നും വിദഗ്ദര്‍ കുറ്റപ്പെടുത്തി. ട്രംപ് ആശുപത്രി പരിസരത്ത് സഞ്ചരിക്കാന്‍ ഉപയോഗിച്ച വാഹനത്തിലുള്ളവരുടെ സുരക്ഷയെ കുറിച്ചടക്കം ആരോഗ്യ വിദഗ്ദര്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ഡ്രൈവര്‍ ഉള്‍പ്പെടെ ഉള്ളവര്‍ നിലവില്‍ 14 ദിവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കേണ്ടി വന്നിരിക്കുകയാണ്. രോഗം മൂലം ജനങ്ങള്‍ മരിച്ച് വീഴുമ്പോഴും ട്രംപിന്റെ നിരുത്തരവാദിത്തം ആശ്ചര്യപ്പെടുത്തുവെന്ന് ആശുപത്രിയിലെ ഡോക്ടര്‍ ജയിംസ് ഫിലിപ്പ് പ്രതികരിച്ചു.

അതേസമയം ആരോഗ്യ വിദഗ്ദരുടെ അനുമതിയോടെ ട്രംപ് പുറത്തിറങ്ങിയതെന്ന് വൈറ്റ് ഹൗസ് വക്താവ് ജൂഡ് ദീരെ പ്രതികരിച്ചു. ട്രംപിനൊപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ എല്ലാവരും തന്നെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

അതേസമയം ട്രംപിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ ഓക്സിജന്‍ ലെവല്‍ താഴ്ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് സപ്ലിമെന്ററി ഓക്സിജന്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൂടാതെ ഡെക്സാമെത്താസോണ്‍ നല്‍കിയതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

Top