പാവങ്ങളുടെ കണ്ണീരിനു മീതെയോ, ഡൊണാൾഡ് ട്രംപിന് ചുവപ്പ് പരവതാനി

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന കാലത്ത്, സമൂഹത്തെ ചികിത്സിച്ച നാടകമാണ് തോപ്പില്‍ ഭാസിയുടെ ‘അശ്വമേധം’

ഈ നാടകം നല്‍കുന്ന സന്ദേശവും അതിലെ ഗാനവും ഒരു കാലത്തും മലയാളികളെ സംബന്ധിച്ച് വിസ്മരിക്കാന്‍ കഴിയുന്നതല്ല.

പാമ്പുകള്‍ക്ക് മാളവും, പറവകള്‍ക്ക് ആകാശവും ഉള്ളപ്പോള്‍, മനുഷ്യര്‍ക്ക് തല ചായ്ക്കാന്‍ മണ്ണില്‍ ഇടമില്ലന്നാണ് അശ്വമേധം ചൂണ്ടിക്കാട്ടിയിരുന്നത്.

വര്‍ത്തമാന കാലഘട്ടത്തില്‍ ഈ വരികളെ അര്‍ത്ഥമാക്കുന്നതാണ് ഇപ്പോള്‍ ഗുജറാത്തില്‍ അരങ്ങേറിയിരിക്കുന്നത്. ഇവിടെ ചില്ലുമേടയിലിരുന്ന് ഭരണകൂടം കല്ലെറിയുന്നത് പാവം ചേരിനിവാസികള്‍ക്കെതിരെയാണ്.

എവിടേക്ക് പോകുമെന്നറിയാതെ അന്തം വിട്ടിരിക്കുകയാണിപ്പോള്‍ ഒരു പറ്റം ആളുകള്‍. ഇതില്‍ കുട്ടികളും സ്ത്രീകളും വൃദ്ധരുമെല്ലാം ഉള്‍പ്പെടുന്നുണ്ട്. എല്ലാവരും തന്നെ പട്ടണിപ്പാവങ്ങളാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അഹമ്മദാബാദിലെ ചേരിനിവാസികളെ ഒഴുപ്പിക്കുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ട്രംപിന്റെ റോഡ് ഷോ കടന്നു പോകുന്ന പാതക്ക് സമീപമുള്ള കുടിലുകള്‍ മതില്‍ കെട്ടി മറയ്ക്കുന്നതിനു പുറമെയാണ് ഈ കാടത്തവും അരങ്ങേറുന്നത്.

ട്രംപും മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന, മോട്ടേറ സ്റ്റേഡിയത്തിന്റെ സമീപത്തുള്ള, ചേരിയില്‍ താമസിക്കുന്നവര്‍ക്കാണ് ഒഴിപ്പിക്കല്‍ നോട്ടീസ്, അധികൃതര്‍
നല്‍കിയിരിക്കുന്നത്.

ചേരി നിവാസികളായ ഇരുനൂറോളം പേര്‍ക്കാണ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇരുപത് വര്‍ഷത്തിലധികമായി ഇവിടത്തെ താമസക്കാരാണ് ഇവര്‍. എത്രയും പെട്ടെന്ന് താമസ സ്ഥലം വിട്ടുപോകണമെന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി അറിയിച്ചതായാണ് ചേരിനിവാസികള്‍ പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞതായും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മോട്ടേറ സ്റ്റേഡിയത്തിന് 1.5 കിലോമീറ്റര്‍ അകലെയാണ് ഈ ചേരി. സ്റ്റേഡിയത്തിലേയ്ക്ക് എത്തിച്ചേരുന്ന വിസാത്- ഗാന്ധിനഗര്‍ ഹൈവേയുടെ സമീപത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 64 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ 45 കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിലും നാലോ അതിലധികമോ അംഗങ്ങളുണ്ട്. ചുരുങ്ങിയ സമയംകൊണ്ട് എവിടേയ്ക്ക് താമസം മാറുമെന്ന ആശങ്കയിലാണിപ്പോള്‍ ചേരിനിവാസികള്‍.

ഏഴ് ദിവസത്തിനകം ചേരി ഒഴിയണമെന്നാണ് ഫെബ്രുവരി 11ന് പുറപ്പെടുവിച്ചിരിക്കുന്ന നോട്ടീസില്‍ പറയുന്നുത്. ഏതെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങളുണ്ടെങ്കില്‍ ബുധനാഴ്ചക്കു മുന്‍പായി അധികൃതരെ സമീപിക്കണമെന്നും നോട്ടീസില്‍ പറയുന്നുണ്ട്്. എന്നാല്‍ 17ന് ആണ് ചേരിനിവാസികള്‍ക്ക് ഈ നോട്ടീസ് കൈമാറിയിരിക്കുന്നത്. കണക്കു പ്രകാരം താമസക്കാര്‍ക്ക് ഒഴിയാനുള്ള അവസാന ദിവസം ഫെബ്രുവരി 18 ആണ്. ഫെബ്രുവരി 24ന് ആണ് സ്റ്റേഡിയത്തില്‍ നമസ്തേ ട്രംപ് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സംഭവം വിവാദമായതോടെ നോട്ടീസ് നല്‍കിയതിന് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധമില്ലെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. കോര്‍പറേഷന്റെ നഗരാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് ചേരി സ്ഥിതിചെയ്യുന്നതെന്നും, ചേരിനിവാസികള്‍ അവിടെ അതിക്രമിച്ചു കടന്ന് താമസമുറപ്പിച്ചതാണെന്നുമാണ്, കോര്‍പറേഷന്റെ പുതിയ നിലപാട്. മനുഷ്യരുടെ കണ്ണീരിനുംമീതെ എന്താസൂത്രണമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നതിന് കൂടി ഭരണകൂടം മറുപടി പറയയേണ്ടതുണ്ട്.

ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി മാത്രം 100 കോടിയോളമാണ് ചിലവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ ചെറിയ ഒരു ശതമാനം മാറ്റിവെച്ചിരുന്നെങ്കില്‍ പോലും ഒരുപാട് പാവങ്ങള്‍ക്ക് അതൊരു വലിയ ആശ്വാസമാകുമായിരുന്നു.

ചേരിനിവാസികളെ പുറത്താക്കുന്നതിനു പകരം അവര്‍ക്ക് പകരം വീട് വച്ച് നല്‍കിയിരുന്നെങ്കില്‍ അതാകുമായിരുന്നു ഏറ്റവും വലിയ ജനസേവനം.

പട്ടിണി പാവങ്ങളുടെ ചേരി ഒഴിപ്പിക്കുകയും, കുടിലുകള്‍ മതില്‍ കെട്ടി മറയ്ക്കുകയും ചെയ്യുന്നതിന് പകരം അവരുടെ ജീവിതമാണ് മെച്ചപ്പെടുത്തേണ്ടിയിരുന്നത്. അതിനാവണമായിരുന്നു പണം ചിലവഴിക്കേണ്ടിയിരുന്നത്.ട്രംപിന് കാഴ്ചാ വിരുന്നൊരുക്കാന്‍ കോടികള്‍ പൊടിക്കുന്നവര്‍, ചേരിയിലെ പാവങ്ങളെയാണ് തെരുവിലേക്കെറിയുന്നത്.

അമേരിക്കന്‍ പ്രസിഡന്റിന് മുന്നിലല്ല, സ്വന്തം ജനതയുടെ മുന്നിലാണ് മോദി ഹീറോയാവാന്‍ ശ്രമിക്കേണ്ടത്. ഇപ്പോഴത്തെ ഈ കണ്‍കെട്ട് വിദ്യ ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്താന്‍ മാത്രമേ ഉപകരിക്കൂകയുളളൂ.

ഇന്ത്യയുടെ ഹൃദയം തുടിക്കുന്നത് ഗ്രാമങ്ങളിലും ഇത്തരം ചേരികളിലുമാണ്. ഇവിടുത്തെ കണ്ണീരിനാണ് ആദ്യം പരിഹാരക്രിയ ചെയ്യേണ്ടിയിരുന്നത്.

കോണ്‍ഗ്രസ്സ് പതിറ്റാണ്ടുകളോളം ഭരിച്ചപ്പോഴും ഇപ്പാള്‍ മോദി ഭരിക്കുമ്പോഴും വലിയ മാറ്റങ്ങളൊന്നും ഇക്കാര്യത്തില്‍ വന്നിട്ടില്ല.

പട്ടിണി പാവങ്ങള്‍ ഇപ്പോഴും പട്ടിണിയില്‍ തന്നെയാണ് ജീവിക്കുന്നത്. ഇവര്‍ക്ക് വേണ്ടി എന്തു ചെയ്തു എന്നതിനെ കുറിച്ചാണ് ഭരണകൂടങ്ങള്‍ പുനപ്പരിശോധന നടത്തേണ്ടത്.

ഇന്ത്യയിലെ 70 ശതമാനം വരുന്ന ദരിദ്രജനതയുടെ, ആകെയുള്ള സ്വത്തിന് തുല്യമായത് കൈയ്യടക്കി വെച്ചിരിക്കുന്നത് 57 ശതകോടീശ്വരന്മാരാണ്.18 ആഗോള സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ഓക്സ്ഫാമിന്റെ റിപ്പോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വരുമാന വളര്‍ച്ചയിലും വലിയ അസമത്വം നിലവിലുണ്ട്. ശതകോടീശ്വരന്മാരുടെ സ്വത്ത് രാജ്യത്തിന്റെ വാര്‍ഷികബജറ്റ് അടങ്കലിനേക്കാള്‍ കൂടുതലാണ്. ജനസംഖ്യയുടെ പകുതിയോളം വരുന്ന ദരിദ്രവിഭാഗങ്ങളുടെ വരുമാനത്തില്‍ മൂന്നു ശതമാനം മാത്രം വര്‍ധനയേ ഉണ്ടായിട്ടുള്ളൂ. ദേശീയ സമ്പത്തിന്റെ 77.4 ശതമാനവും ജനസംഖ്യയുടെ 10 ശതമാനം വരുന്നവരുടെ കയ്യിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വേര്‍ത്തിരിവിനാണ് കേന്ദ്രം പരിഹാരം കണ്ടെത്തേണ്ടത്. ജനിച്ച മണ്ണില്‍ പട്ടിണിയില്ലാതെ ജീവിക്കാനും മഴയും വെയിലും കൊള്ളാതെ ഉറങ്ങാനും എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. ആരും ഇവിടെ ദരിദ്രരായി പിറന്നു വീഴുന്നില്ല. ഭരണകൂടങ്ങളുടെ പ്രവര്‍ത്തി മൂലമാണ് ദരിദ്രരാക്കപ്പെടുന്നത്.

ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ടും ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ ജനസംഖ്യ വളര്‍ച്ച നിരക്ക് ചൈനയുടെ ഇരട്ടിയാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഫണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2019 ല്‍ 136 കോടിയാണ് രാജ്യത്തെ ജനസംഖ്യ. ചൈനയിലേത് 142 കോടിയും. 1994 ല്‍ ഇന്ത്യയില്‍ 94.2 കോടിയും ചൈനയില്‍ 123 കോടിയുമായിരുന്നു ജനസംഖ്യ. 1969 ല്‍ യഥാക്രമം 54.15 കോടിയും 80.36 കോടിയുമായിരുന്നു ജനസംഖ്യ.

ഇന്ത്യയില്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികളാണ് ജനസംഖ്യയുടെ 27 ശതമാനവും. 15 നും 64 നും ഇടയില്‍ പ്രായമുള്ളവരാണ് 67 ശതമാനമുള്ളത്. 65 ന് മുകളില്‍ പ്രായമുള്ള ആറ് ശതമാനം പേര്‍ മാത്രമേ ഉള്ളൂവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഒരു സ്ത്രീക്ക് ശരാശരി 2.3 കുട്ടികളുണ്ടെന്നാണ് കണക്ക്. ഇതിന് പുറമെ, ആയുര്‍ദൈര്‍ഘ്യം 69 ആയും ഉയര്‍ന്നുകഴിഞ്ഞു. ലക്ഷത്തില്‍ 174 എന്ന കണക്കിലാണ് ഇന്ത്യയില്‍ ഇപ്പോള്‍ പ്രസവസമയത്ത് അമ്മമാര്‍ മരിക്കുന്നത്. 1994 ല്‍ ഇത് ലക്ഷത്തില്‍ 488 ആയിരുന്നു.

കരുതലോടെയും ജാഗ്രതയോടെയും രാജ്യം മുന്നോട്ട് പോകേണ്ട കാലഘട്ടമാണിത്.

ഇന്ത്യ എന്താണെന്നും ഇവിടുത്തെ ജനങ്ങള്‍ എങ്ങനെയാണെന്നും വരുന്ന അതിഥികളും ശരിക്കും മനസ്സിലാക്കുകയാണ് വേണ്ടത്.

അതിജീവനത്തിനു വേണ്ടി പൊരുതുന്ന ജനതയാണ് ഇന്ത്യയിലുള്ളത്. ഈ യാഥാര്‍ത്ഥ്യം ഏത് ട്രംപിനും മനസ്സിലാകും. അതിന് മോദിയായിട്ട് കണ്‍കെട്ട് വിദ്യ കാണിക്കേണ്ട ആവശ്യമൊന്നുമില്ല.

വോട്ട് ചെയ്യുന്നവരുടെ മാത്രമല്ല, വോട്ട് ചെയ്യാത്തവരുടേത് കുടിയാണ് ഇന്ത്യ. അക്കാര്യവും ഭരണകൂടം മറന്നുപോകരുത്.

അമേരിക്കന്‍ പ്രസിഡന്റ് അഹമ്മദാബാദില്‍ ഉദ്ഘാടനം ചെയ്യുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമാണ്. അത് നല്ല കാര്യം തന്നെ. എന്നാല്‍ ഇതു പോലെ പട്ടിണി പാവങ്ങളുടെ കാര്യത്തിലും വേണം ശ്രദ്ധ. അവര്‍ക്ക് കളിക്കാനല്ല, ജീവിക്കാനാണ് ഗ്രൗണ്ട് വേണ്ടത്.

കച്ചവടക്കണ്ണുകളോടെ കാലു കുത്തുന്ന സാമ്രാജ്യത്വ കഴുകന്‍മാര്‍ക്ക് വേണ്ടി ‘ഇരകളാക്കാനുള്ളതല്ല’ ഇവിടുത്തെ പട്ടിണി പാവങ്ങള്‍. ഇക്കാര്യം കേന്ദ്ര സര്‍ക്കാരും ഓര്‍ക്കുന്നത് നല്ലതാണ്.

Staff Reporter

Top