മകന് കോവിഡായിരുന്നെന്ന് മെലാനിയ; സ്‌കൂളുകള്‍ തുറക്കണമെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ബാരോണ്‍ ട്രംപിന് കോവിഡ് ബാധയുണ്ടായതായി മെലാനിയ ട്രംപ്. ബുധനാഴ്ചയാണ് മെലാനിയ ഇക്കാര്യം അറിയിച്ചത്. ട്രംപിനേയും തന്നെയും പോലെ തന്നെ ബാരോണിനും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്ന് മെലാനിയ പറഞ്ഞു.

തങ്ങള്‍ക്കിരുവര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ച സന്ദര്‍ഭത്തില്‍ സ്വാഭാവികമായും മകന്റെ കാര്യത്തില്‍ ആശങ്കയുണ്ടായെങ്കിലും ബാരോണിന് നെഗറ്റീവാണെന്നറിഞ്ഞപ്പോള്‍ ആശ്വാസമായെന്നും മെലാനിയ പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളില്‍ എല്ലാ മാതാപിക്കളേയും പോലെ ബാരോണിന്റെ കാര്യത്തില്‍ പരിഭ്രമം നിലനിന്നിരുന്നുവെന്നും മെലാനിയ കൂട്ടിച്ചേര്‍ത്തു.

കൊറോണ ബാധയുടെ സമയത്ത് തന്നെ ശുശ്രൂഷിച്ചവര്‍ക്ക് മെലാനിയ നന്ദിയറിയിച്ചു. ബാരോണ്‍ പൂര്‍ണ ആരോഗ്യവാനാണെന്നും അതിനാലാണ് സ്‌കൂളുകള്‍ തുറക്കണമെന്ന് ആവര്‍ത്തിക്കുന്നതെന്നും ലോവയില്‍ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപ് പറഞ്ഞു. തനിക്ക് വൈറസ് ബാധയുള്ള കാര്യം ബാരോണിന് അറിയാമായിരുന്നോ എന്ന കാര്യം തന്നെ സംശയമാണെന്നും ചെറുപ്പക്കാരുടെ പ്രതിരോധവ്യവസ്ഥ കൂടുതല്‍ കരുത്തുള്ളതാണെന്നും അവരെ വൈറസിനെതിരെ പൊരുതാന്‍ അനുവദിക്കണമെന്നും അവര്‍ സ്‌കൂളുകളിലേക്ക് മടങ്ങട്ടെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Top