വാഷിംഗ്ടണ്‍ഡിസി: മെക്‌സിക്കോ അതിര്‍ത്തി അടച്ചിടുമെന്ന മുന്നറിയിപ്പുമായ് ട്രംപ്. യുഎസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിനായ് പണം അനുവദിക്കുന്നതില്‍ ഡെമോക്രാറ്റുകള്‍ തടസം സൃഷ്ടിക്കുന്നതിനാലാണ് ട്രംപിന്റെ പുതിയ തീരുമാനം.
നാഫ്ത കരാര്‍ പ്രകാരം മെക്‌സിക്കോയുമായുള്ള വാണിജ്യത്തില്‍ പ്രതിവര്‍ഷം അമേരിക്കയ്ക്ക് 7500കോടി ഡോളറിന്റെ നഷ്ടമാണുണ്ടാവുന്നതെന്നും, കരാറിനുശേഷം അമേരിക്കയുടെ പല കമ്പനികളും തൊഴിലവസരങ്ങളും മെക്‌സിക്കോയിലേക്കു പോയെന്നും ട്രംപ് പറയുന്നു.
അനധികൃത കുടിയേറ്റത്തിനായി യുഎസിലേക്കു വരുന്നവരെ തടയാന്‍ നടപടിയെടുക്കാത്ത ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെയും ട്രംപ് വിമര്‍ശിച്ചു. ഹൊണ്ടൂറാസ്, എല്‍സാല്‍വദോര്‍, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങള്‍ വര്‍ഷങ്ങളായി യുഎസിന്റെ പണം കൈപ്പറ്റുന്നുണ്ട്. അവിടെനിന്നുള്ള അഭയാര്‍ഥികള്‍ യുഎസിലേക്കു വരുന്നതു തടയാന്‍ പ്രസ്തുത രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നടപടിയെടുക്കുന്നില്ല. ഈ മൂന്നു രാജ്യങ്ങള്‍ക്കുമുള്ള എല്ലാ സഹായവും നിര്‍ത്തിവയ്ക്കുമെന്നു ട്രംപ് താക്കീതു നല്‍കി.