വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചു കൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ വംശജന് ട്രംപ് ആരാധികയുടെ വംശീയാധിക്ഷേപം.
ചിക്കാഗോ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ആയ രവീണ്‍ ഗാന്ധിക്ക് നേരെയാണ് ട്രംപ് അനുകൂലി വംശീയാധിക്ഷേപം നടത്തിയത്. ‘ഇന്ത്യയിലെ പന്നികള്‍ ജീവിക്കുന്നിടത്ത് പോയി ജീവിക്കൂവെന്നാണ്’ രവീണിനോട് ട്രംപ് ആരാധിക ആവശ്യപ്പെട്ടത്.
ലേഖനം പ്രസിദ്ധീകരിച്ച് ഒരു ദിവസം കഴിയവെ തനിക്ക് വായനക്കാരന്റെ ഫോണ്‍ സന്ദേശം ലഭിച്ചുവെന്ന് രവീണ്‍ പറയുന്നു. ‘ ഒരു സ്ത്രീയായിരുന്നു മറുതലയ്ക്കല്‍ ഉണ്ടായിരുന്നത്. വെറും 15 സെക്കന്റ് കൊണ്ടാണ് അവരുടെ സ്വരം സൗമ്യതയില്‍ നിന്നും രോഷപ്രകടനത്തിലേക്ക് മാറിയത്.’നിങ്ങളുടെ വാദങ്ങളുമായി ഇന്ത്യയിലേക്ക് പോവുക. ട്രംപിനെ കുറിച്ചും ഈ രാജ്യത്തെ കുറിച്ചും ഞങ്ങളോട് പറയേണ്ട കാര്യമില്ല. ട്രംപ് വിമര്‍ശന ലേഖനവുമായി ഇന്ത്യയില്‍ എവിടെയാണോ പന്നികള്‍ ജീവിക്കുന്നത് അവിടേക്ക് പോവുക’ എന്നു തുടങ്ങി നിരവധി അധിക്ഷേപങ്ങള്‍ ആ സ്ത്രീ തനിക്കെതിരെ ഉന്നയിച്ചതായി രവീണ്‍ പറയുന്നു.
ഒന്നര മിനുട്ടോളം നീണ്ട അവരുടെ സംസാരത്തില്‍ സിഖ് വംശജരായ ഉദ്യോഗസ്ഥര്‍ക്കെതിരേയും സ്ഥാനപതികള്‍ക്കെതിരേയും വലിയ അധിക്ഷേപമാണ് നടത്തിയത്. യുഎന്നിലെ യുഎസ് അംബാസിഡറേയും അവര്‍ വിമര്‍ശിച്ചു. യുഎന്നിലെ യുഎസ് അംബാസിഡറായ നിക്കി ഹലേ സിഖ് വംശജയാണ്. ബുദ്ധിസ്റ്റ് ഡോക്ടര്‍മാരെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടതായി രവീണ്‍ പറയുന്നു.
ലേഖനത്തിനെതിരെ വലിയ വിമര്‍ശനമാണ് പിന്നീടുയര്‍ന്നു വന്നത്. ട്രംപിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇന്ത്യയിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം ആദ്യം തനിക്ക് വലിയ ഞെട്ടലുണ്ടാക്കി. എന്നാല്‍ പത്തിലധികം തവണ ഒരേ കാര്യം കേട്ടതോടെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ തനിക്ക് വലിയ തമാശയായി തോന്നിയതായും രവീണ്‍ പറയുന്നു.
വിര്‍ജീനിയയിലെ സംഘര്‍ഷങ്ങളോട് ട്രംപ് പ്രതികരിച്ചതിനെ വിമര്‍ശിച്ചാണ് രവീണ്‍ സിഎന്‍ബിസിയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ലേഖനം എഴുതിയത്. സംഘര്‍ഷങ്ങളെ അപലപിച്ച് ട്രംപ് പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.
എന്നാല്‍ വംശീയതയേയും മതഭ്രാന്തിനേയും എതിര്‍ക്കുന്നുവെന്ന് സൂചിപ്പിച്ച് സംഘര്‍ഷത്തെ അപലപിച്ചു കൊണ്ടുളള ട്രംപിന്റെ ട്വീറ്റ് വെള്ളക്കാരന്റെ അപ്രമാധിത്വത്തേയും നാസി ആശയങ്ങളേയും പിന്തുണച്ചു കൊണ്ടുള്ള കപട തന്ത്രമായിരുന്നുവെന്ന് രവീണ്‍ ഗാന്ധി വിമര്‍ശിച്ചു. വംശീയതയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തുടര്‍ച്ചയായി പറഞ്ഞു കൊണ്ട് അദ്ദേഹം സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും രവീണ്‍ വിമര്‍ശനമുന്നയിച്ചു.