ലോസ് ആഞ്ജലസ്: ജോര്‍ജ് ഫ്‌ലോയ്ഡിന് ആദരമര്‍പ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരകര്‍ പങ്കുവെച്ച വിഡിയോ നീക്കി ട്വിറ്റര്‍. പകര്‍പ്പവകാശ നിയമത്തിന് എതിരാണെന്ന് അവകാശപ്പെട്ടാണ് ട്രംപിന്റെ വീഡിയോ ട്വിറ്റര്‍ നീക്കിയത്. ബുധനാഴ്ചയാണ് ടീം ട്രംപ്, ടീം വാര്‍റൂം 2020 എന്നീ രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ പ്രചരിച്ചത്.
‘ കൈകള്‍ ചേര്‍ത്തു പിടിക്കാം, മുഷ്ടി ചുരുട്ടാതെ’ എന്ന ഹാഷ്ടാഗിന് കീഴിലായിരുന്നു വിഡിയോ പങ്കുവെച്ചത്. ജോര്‍ജിന്റെ കൊലപാതകം വന്‍ ദുരന്തമാണെന്ന് സമ്മതിച്ച ട്രംപ് രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും നിരാശയുണ്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം, മൗലികവാദികളായ ഇടതുപക്ഷ ഗ്രൂപ്പുകളുടെ ഭാഗത്തു നിന്നുള്ള അക്രമത്തിനും അരാജകത്വത്തിനുമെതിരെ മുന്നറിയിപ്പും നല്‍കുന്നുണ്ട്.