ട്രംപിന്റെ എച്ച് 1 ബി വിസ നിരോധനം ഇന്ന് അവസാനിക്കും

വാഷിങ്ടന്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയിരുന്ന എച്ച് 1 ബി വിസ വിലക്ക് ജോ ബൈഡന്‍ ഭരണകൂടം നീട്ടില്ലെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 31 വരെയാണ് ഇതിനു ട്രംപ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. പ്രസിഡന്റ് ബൈഡന്‍ പുതിയ പ്രഖ്യാപനമൊന്നും നടത്തിയില്ലെങ്കില്‍ നിരോധനം 31ന് തീരും.

യുഎസ് കമ്പനികള്‍ക്ക് മറ്റു രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ധരെ ജോലിക്കായി നിയോഗിക്കാന്‍ സഹായിക്കുന്ന കുടിയേറ്റത്തിനല്ലാത്ത വിസയാണ് എച്ച് 1 ബി. കഴിഞ്ഞ ജൂണില്‍ ട്രംപ് ഭരണകൂടം മൊറട്ടോറിയം ഏര്‍പ്പെടുത്തിയതോടെ വിദേശത്തു നിന്ന് ജീവനക്കാരെ നിയമിക്കാന്‍ കഴിയാതെ പല കമ്പനികളും പ്രതിസന്ധിയിലായിരുന്നു. വിലക്ക് നീട്ടാന്‍ ജോ ബൈഡന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വൈറ്റ് ഹൗസ് ഇതിനോടു പ്രതികരിച്ചിട്ടില്ല.

അമേരിക്കയിലേക്കുള്ള കുടിയേറ്റ വിലക്ക് നീക്കിയ ബൈഡന്‍ ഭരണകൂടം യുഎസില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡുകള്‍ വിലക്കിയ ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് ഫെബ്രുവരിയില്‍ റദ്ദാക്കിയിരുന്നു. അമേരിക്കയുടെ വ്യവസായ മേഖലയ്ക്ക് ദോഷകരമായതിനാലാണ് ഗ്രീന്‍ കാര്‍ഡ് നിരോധനം നീക്കുന്നതെന്നാണ് ജോ ബൈഡന്‍ പറഞ്ഞത്.

Top