വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ട്വിറ്റർ ജീവനക്കാരിലൊരാൾ കൊടുത്തത് കിടിലൻ പണി.
നാൽപത് ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ട്രംപിന്റെ അക്കൗണ്ട് ട്വിറ്ററിൽ നിന്ന് ‘അപ്രത്യക്ഷമായി’.
ട്വിറ്റർ ജീവനക്കാരിലൊരാൾ ‘മനഃപൂർവം’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യുകയായിരുന്നു.
പ്രസിഡന്റിന്റെ അക്കൗണ്ട് ട്വിറ്ററിൽനിന്ന് 11 മിനിറ്റാണ് കാണാതായത്. കഴിഞ്ഞ ദിവസമാണു സംഭവമെന്നു ട്വിറ്റർ കമ്പനി വ്യക്തമാക്കി.
പ്രാദേശിക സമയം വൈകിട്ടു നാലുമണിക്കാണ് അക്കൗണ്ട് പ്രവർത്തനരഹിതമായത്.
@realDonaldTrump എന്ന ട്വിറ്റർ ഹാൻഡിൽ തിരയുമ്പോൾ പേജ് നിലവിലില്ല എന്ന സന്ദേശമായിരുന്നു കിട്ടിയത്. ഇതോടെ വാർത്ത സമൂഹമാധ്യമങ്ങളിൽ പരന്നു.
എന്താണു നടന്നതെന്നു പരിശോധിച്ച ട്വിറ്റർ, കമ്പനിയിലെ ജീവനക്കാരനുണ്ടായ പിഴവാണെന്നു കണ്ടെത്തി.
11 മിനിറ്റിനു ശേഷം ട്രംപിന്റെ അക്കൗണ്ട് വീണ്ടും സജീവമായി. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കുമെന്നു പറഞ്ഞ ട്വിറ്റർ, ആരാണ് ആ ജീവനക്കാരനെന്നു പരസ്യമാക്കിയില്ല.
എന്നാൽ കാണാതായ ട്രംപിന്റെ അക്കൗണ്ട് പലതരം ആശങ്കകൾക്കും വഴി തുറന്നു.അക്കൗണ്ട് ഹാക്ക് ചെയ്തെന്നായിരുന്നു ആദ്യം പ്രചരിച്ചത്.
സുരക്ഷിതമായി അക്കൗണ്ട് സൂക്ഷിക്കാത്തതിന് പ്രസിഡന്റിനെതിരെ വിമർശനങ്ങളും ഉയർന്നു.