അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് താമസിക്കുന്ന കുരങ്ങുകളെ നാടുകടത്താനൊരുങ്ങി മോദി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിക്കൊണ്ട് റണ്‍വേയിലേക്കെത്താറുള്ള കുരങ്ങു കൂട്ടത്തെ കെണിവച്ച് പിടികൂടുകയാണ് വിമാനത്താവള അധികൃതര്‍. വിമാനത്താവളത്തോട് ചേര്‍ന്നുള്ള സൈനിക കേന്ദ്രത്തിലെ മരങ്ങളില്‍ തമ്പടിച്ച കുരങ്ങുകള്‍ റണ്‍വേയിലേക്ക് ഓടിയെത്തുക പതിവാണ്.
കുരങ്ങിറങ്ങിയാല്‍ പിന്നെ വിമാനമിറങ്ങില്ല. സൈറണ്‍ മുഴക്കിയും പടക്കം പൊട്ടിച്ചുമുള്ള വിദ്യകള്‍ പയറ്റിനോക്കിയിട്ടും രക്ഷയുണ്ടായില്ല. ഒടുവില്‍ കരടി വേഷം കെട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറകെ ഓടിനോക്കിയെങ്കിലും രക്ഷയുണ്ടായില്ല. ട്രംപ് എത്തുമെന്ന വിവരം ലഭിച്ചതോടെയാണ് കെണിവച്ച് തുടങ്ങിയത്. പിടിയിലായ 50ലധികം കുരങ്ങുകളെയാണ് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള വനപ്രദേശത്ത് തുറന്ന് വിട്ടത്. വിമാനത്താവള മതിലിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിക്കാന്‍ സൈനിക കേന്ദ്രത്തിന് കത്തും നല്‍കിയിട്ടുണ്ട്.