മുംബൈ: മുംബൈയിലെ പ്രമുഖ മുസ്‌ലിം തീര്‍ത്ഥാടന കേന്ദ്രമായ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ച തൃപ്തി ദേശായി തങ്ങളുടെ അടുത്ത ലക്ഷ്യം ശബരിമലയിലെ സ്ത്രീപ്രവേശനമാണെന്ന് വ്യക്തമാക്കി.
ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാനുള്ള അനുമതി നല്കി ബോംബെ ഹൈക്കോടതി വിധി പ്രസ്താവിച്ചതിനു പിന്നാലെ അവിടെ സന്ദര്‍ശിച്ചശേഷമാണ് ഭൂമാത ബ്രിഗേഡ് പ്രവര്‍ത്തകയായ തൃപ്തി ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളുടെ പോരാട്ടം ഏതെങ്കിലും പ്രത്യേക മതത്തിന് എതിരായല്ല. അടുത്ത ലക്ഷ്യം കേരളത്തിലെ ശബരിമലയാണ്: തൃപ്തി ദേശായി പറഞ്ഞു. ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാന്‍ ചെന്നപ്പോള്‍ ആരും തടഞ്ഞില്ല. തങ്ങള്‍ക്ക് പിന്തുണ നല്കാന്‍ അവിടെ ധാരാളം മുസ്‌ലിം സ്ത്രീകള്‍ ഉണ്ടായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദര്‍ഗ ട്രെസ്റ്റ് വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചാലും തങ്ങള്‍ക്കായിരിക്കും ജയമെന്നും സ്ത്രീകള്‍ക്ക് തുല്യപരിഗണനയാണ് നല്‌കേണ്ടതെന്നും തൃപ്തി വ്യക്തമാക്കി.
പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും ദര്‍ഗയില്‍ പ്രവേശനം അനുവദിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മഹാരാഷ്ട്ര സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ദര്‍ഗയില്‍ 2012നുശേഷമാണ് സ്ത്രീ-പുരുഷ വിവേചനം ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് വി.എം. കാണ്‍ഡെ, രേവതി മോഹിത് ഡെറെ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു വിധി.