Trupti Desai will spearhead agitation for Sabarimala entry

മുംബൈ: വിലക്ക് ലംഘിച്ച് താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമാക്കാന്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ഇടപെടണമെന്നും തൃപ്തി ദേശായി ്ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ ശനി ശിംഘ്‌നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നേടാനായി നടത്തിയ സമരങ്ങളിലൂടെയാണ് ഭൂമാതാ ബ്രിഗേഡ് എന്ന സ്ത്രീപക്ഷ സംഘടനയും അതിന്റെ നേതാവായ തൃപ്തി ദേശായിയും ദേശീയതലത്തില്‍ ശ്രദ്ധ നേടുന്നത്.

വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ശനിശിംഘ്‌നാപുറില്‍ സ്ത്രീപ്രവേശനം സാധ്യമാക്കിയ ശേഷമാണ് ഇപ്പോള്‍ ഇവര്‍ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ഏറ്റെടുത്തിരിക്കുന്നത്.

ശബരിമലയില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് ലിംഗവിവേചനവും, നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ സ്ത്രീ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് പ്രക്ഷോഭം നടത്തും.

ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്താന്‍ അടുത്ത മാസം താന്‍ കേരളത്തിലെത്തുമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ കേരളസര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച തൃപ്തി, വിഷയത്തില്‍ കോണ്‍ഗ്രസ് ഉരുണ്ട് കളിക്കുകയാണെന്നും കുറ്റപ്പെടുത്തി.

സ്ത്രീ ശുദ്ധിയുടെ അളവുകോല്‍ ആര്‍ത്തവമാണെന്ന വാദത്തോട് യോജിക്കുന്നില്ല. നാല്‍പത്തിയൊന്ന് നാള്‍ വ്രതമെടുത്ത് തന്നെ താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തും തൃപ്തി ദേശായി പറഞ്ഞു

Top