കൊച്ചി : ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് തിരികെ പോകാനുള്ള വിമാന ടിക്കറ്റ് എടുക്കാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇവരെ രാത്രി 12.30-നുള്ള വിമാനത്തില്‍ കയറ്റി വിടാനാണ് പോലീസിന്റെ നീക്കം. ഇതിന് തയ്യാറല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നീക്കാനും ആലോചനയുണ്ട്.
അതേസമയം തൃപ്തിയും സംഘവും ഉള്ള കൊച്ചി കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ നാമജപവുമായി വീണ്ടും രംഗത്തെത്തി. അമ്പതോളം പ്രവര്‍ത്തകരാണ് നാമജപവുമായി എത്തിയിരിക്കുന്നത്.
ഇന്ന് രാവിലെയാണ് തൃപ്തിയും സംഘവും ശബരിമല ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ദര്‍ശനത്തിന് സംരക്ഷണം നല്‍കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന്,സംരക്ഷണംനല്‍കാനാകില്ലെന്നത് രേഖാമൂലം എഴുതി നല്‍കിയാല്‍ മടങ്ങിപ്പോകാമെന്ന് തൃപ്തി പോലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സംരക്ഷണം നല്‍കാനാകില്ലെന്ന കാര്യം എഴുതിനല്‍കാമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി പോലീസിനെ അറിയിച്ചു. ഇനി സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലഭിച്ചാല്‍ കൊച്ചി സിറ്റി പോലീസ് രേഖാമൂലമുള്ള മറുപടി തൃപ്തിദേശായിക്ക് നല്‍കും. പോലീസിന്റെ മറുപടി ഔദ്യോഗികമായി ലഭിച്ചാല്‍ ഇതുമായി തൃപ്തി ദേശായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.