പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് യുവതിയെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

deadbody

അമരാവതി: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം. സംഭവുമായി ബന്ധപ്പെട്ട് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ എസ്. രാജരത്‌നത്തെ അറസ്റ്റ് ചെയ്തു. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതും കൂടുതല്‍ സ്ത്രീധനം ചോദിച്ചിട്ട് നല്‍കാതിരുന്നതുമാണ് ഭാര്യയെ കൊല്ലാന്‍ ഇയാളെ പ്രേരിപ്പിച്ചത്. ആന്ധ്രയിലെ കൃഷ്ണ ജില്ലയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഉറങ്ങുകയായിരുന്ന ഭാര്യ പ്രശാന്തിയുടെ കൈയില്‍ ഇലക്ട്രിക് വയര്‍ ഘടിപ്പിച്ച് ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. കൊലപാതക ശ്രമത്തിനിടെ പ്രശാന്തി ഉറക്കമുണര്‍ന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പ്രശാന്തി പൊലീസില്‍ പരാതി നല്‍കി. രാജരത്‌നവും മാതാപിതാക്കളും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പ്രശാന്തിയെ പീഡിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടത് നല്‍കാന്‍ പ്രശാന്തിയുടെ വീട്ടുകാര്‍ തയാറായില്ല. ഇതിന് പുറമെ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതോടെ മര്‍ദ്ദനവും പതിവായി.

പ്രശാന്തിയുടെ മുഖത്തും കഴുത്തിലും കൈകളിലും ക്രൂരമര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് ഇവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലും വെളിപ്പെടുത്തിയിട്ടുണ്ട്.

Top