നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്ത്. ദിലീപിനെ രക്ഷിക്കാനാണ് ശ്രീലേഖ ശ്രമിക്കുന്നത്. അതിനായി ശ്രീലേഖ തയ്യാറാക്കിയ തിരക്കഥയാണ് ഇപ്പോള്‍ കാണുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു ശ്രീലേഖ. കേരള പൊലീസിനെ മോശക്കാരക്കാന്‍ ഗൂഢാലോചന നടത്തുകയാണ്. ദിലീപിനെതിരെ മാധ്യമ സമ്മര്‍ദ്ദമെന്ന ശ്രീലേഖയുടെ വാദം ബാലിശമാണ്. നടന്‍റെ ഇമേജ് കൂട്ടാനാണ് ഇപ്പോഴത്തെ ശ്രമങ്ങളെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകിയത്. പൊലീസിനെ പൂർണ്ണമായും തള്ളുന്ന നിലപാടാണ് ശ്രീലേഖയുടേത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യുന്നുണ്ട്. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജം ആണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നുമാണ് വീഡിയോയിൽ ശ്രീലേഖ പറയുന്നത്. ദിലീപിനെതിരെ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിൽ വന്ന ഗൂഡലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.