മുന്നറിയിപ്പ് പിന്‍വലിച്ചതിന് പുറകെ ഇന്തോനേഷ്യയില്‍ സുനാമി ആക്രമണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പാലു നഗരത്തില്‍ സുനാമി ആക്രമണം. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിന് പിന്നാലെയാണ് ഇവിടെ സുനാമി തിരമാലകള്‍ ആഞ്ഞടിച്ചത്. ആറര അടിയോളം ഉയരത്തിലുള്ള തിരമാലകളാണ് ഉണ്ടായതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നും 80 കി.മീ അകലെയാണ് പാലു നഗരം സ്ഥിതി ചെയ്യുന്നത്. തിരമാലകള്‍ തീരത്തേക്ക് അടിച്ചു കയറുന്നതും ജനങ്ങള്‍ നിലവിളിച്ചോടുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരക്കുന്നുണ്ട്. നേരത്തെ ഭൂകമ്പമുണ്ടായതിന് പിന്നാലെ കാലാവസ്ഥാ നിരീക്ഷണവിഭാഗം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ മേഖലയിലാകെ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

മണിക്കൂറുകള്‍ക്ക് മുന്‍പ് ഉണ്ടായ ഭൂചലനത്തില്‍ സുലവേസിയില്‍ നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. ആദ്യ ഭൂചലനത്തിന് ശേഷമുണ്ടായ തുടര്‍ ചലനം റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയിരുന്നു. ഒരാള്‍ കൊല്ലപ്പെട്ടതായും പത്തിലധികം പേര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സുലവേസിയുടെ സമീപ ദ്വീപായ ലോമ്പോക്കില്‍ ജൂലായ്-ഓഗസ്റ്റ് മാസത്തിലുണ്ടായ ഭൂചനത്തില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top