മധുരൈ: എ.ഐ.എ.ഡി.എം.കെ വിമത നേതാവ് ടി.ടി.വി.ദിനകരന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. രാവിലെ മധുരയിലെ മേലൂരിലാണ് പ്രഖ്യാപനം. പാര്‍ട്ടിയുടെ പേരും കൊടിയും ചിഹ്നവും യോഗത്തില്‍ പ്രഖ്യാപിക്കും.
എ.ഐ.എ.ഡി.എം.കെയുടെ പേരിനോട് സാമ്യമുള്ള പേരാകും ടിടിവിയുടെ പാര്‍ട്ടിക്ക് എന്നാണ് സൂചന. പ്രഷര്‍കുക്കറായിരിക്കും ചിഹ്നമെന്നും സൂചനയുണ്ട്. പ്രഷര്‍ കുക്കര്‍ അനുവദിക്കാന്‍ ഡല്‍ഹി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിക്ക് ചിഹ്നം അനുവദിച്ചത് ചോദ്യം ചെയ്ത് എ.ഐ.എ.ഡി.എം.കെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ജയലളിതയുടെ മരണ ശേഷം എ ഐ ഡി എം കെ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞിരുന്നു. ഒ പി എസും ഇ പി എസും നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷവും ശശികല നേതൃത്വം നല്‍കുന്ന വിമത പക്ഷവും എന്നിങ്ങനെയായിരുന്നു പാര്‍ട്ടി പിളര്‍ന്നത്.
എ ഐ എ ഡി എം കെയുടെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത് ഒ പി എസ്- ഇ പി എസ് പക്ഷത്തിനായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം കനത്ത തിരിച്ചടിയായിരുന്നു ശശികല പക്ഷത്തിനു നല്‍കിയത്. ഇതിനു പിന്നാലെയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി ടി ടി വി ദിനകരന്‍ രംഗത്ത് എത്തിയത്.
അണ്ണാഡിഎംകെയുമായി തെറ്റിപിരിഞ്ഞ് ആര്‍കെ നഗറില്‍ സ്വതന്ത്ര്യനായി മത്സരിച്ച ദിനകരന്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. തമിഴ് ചലച്ചിത്രതാരങ്ങളായ കമല്‍ ഹാസനും രജനീകാന്തും തങ്ങളുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിലപാടുകള്‍ പരസ്യമാക്കിയ സാഹചര്യത്തിലാണ് ടിടിവി ദിനകരന്റെ രംഗപ്രവേശം എന്നതും ശ്രദ്ദേയമാണ്.