‘ചന്ദ്രയാന്‍ ലാന്‍ഡര്‍ ഡിസൈന്‍ ചെയ്തത് താനാണെന്ന് അവകാശപ്പെട്ട ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ചന്ദ്രയാന്‍ 3ന്റെ വിക്രം ലാന്‍ഡര്‍ ഡിസൈന്‍ ചെയ്തത് താനാണെന്ന് അവകാശപ്പെട്ട ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍. ഗുജറാത്ത് സ്വദേശിയായ മിതുല്‍ ത്രിവേദിയെയാണ് അറസ്റ്റ് ചെയ്തത്. ത്രിവേദിക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ സൂറത്ത് ക്രൈംബ്രാഞ്ചാണ് വ്യാജ ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തത്.

ത്രിവേദി വ്യാജ രേഖയും കത്തും ഹാജരാക്കിയാണ് ആളുകളെ വിശ്വസിപ്പിച്ചത്. ഐഎസ്ആര്‍ഒയുടെ ആന്‍ഷ്യന്റ് സയന്‍സ് ആപ്ലിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അസിസ്റ്റന്റ് ചെയര്‍മാനായി 2022 ഫെബ്രുവരി 26ന് നിയമനം ലഭിച്ചെന്നാണ് ത്രിവേദി അവകാശപ്പെട്ടിരുന്നത്. ഐഎസ്ആര്‍ഒയുടെ പേരില്‍ വ്യാജ നിയമന ഉത്തരവുണ്ടാക്കുകയും ചെയ്തു. ഐഎസ്ആര്‍ഒയുടെ അടുത്ത മെര്‍ക്കുറി പ്രൊജക്റ്റിലും താന്‍ അംഗമാണെന്ന് വിശ്വസിപ്പിക്കാന്‍ മറ്റൊരു കത്തും ത്രിവേദി ഹാജരാക്കിയിരുന്നു.

ചന്ദ്രയാന്‍ ദൌത്യം വിജയിച്ചതിനു പിന്നാലെ ആഗസ്റ്റ് 24ന് മിതുല്‍ ത്രിവേദി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയും ചെയ്തു. ‘ഞങ്ങള്‍ ചന്ദ്രനിലെത്തി, ഇത് അഭിമാന നിമിഷം’ എന്നാണ് ത്രിവേദി പറഞ്ഞത്. പിന്നാലെയാണ് ശാസ്ത്രജ്ഞനെന്ന ത്രിവേദിയുടെ അവകാശവാദം തെറ്റാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പരാതി ലഭിച്ചതെന്ന് സൂറത്ത് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ ശരത് സിംഗാള്‍ പറഞ്ഞു.

ക്രൈംബ്രാഞ്ച് ഐഎസ്ആര്‍ഒയെ ബന്ധപ്പെട്ട് ത്രിവേദിയുടെ നിയമന ഉത്തരവിനെ കുറിച്ച് ചോദിച്ചു. ആ നിയമന ഉത്തരവ് വ്യാജമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇതോടെയാണ് മേതുല്‍ ത്രിവേദിയെ അറസ്റ്റ് ചെയ്തത്. പ്ലസ് ടു മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ക്ലാസ് എടുക്കുന്ന ത്രിവേദി, ക്ലാസ്സിലേക്ക് കൂടുതല്‍ പേര്‍ എത്താനാണ് വ്യാജ രേഖകളുണ്ടാക്കിയതെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

Top