ഹിന്ദുത്വ ദേശീയവാദിയായതിനാല്‍ താന്‍ മതവിദ്വേഷത്തിന് ഇരയായിട്ടുണ്ട്: തുള്‍സി

താന്‍ മതവിദ്വേഷത്തിന് ഇരയായിട്ടുണ്ടെന്ന് ഇന്ത്യന്‍ വംശജയും യു.എസ്. കോണ്‍ഗ്രസ് അംഗവുമായ തുള്‍സി ഗബ്ബാര്‍ഡ്. ഹിന്ദുത്വ ദേശീയവാദിയായതിനാല്‍ ചില മാധ്യമങ്ങള്‍ തന്നെ മനഃപൂര്‍വം ലക്ഷ്യമിടുന്നുണ്ടെന്നും, തന്നെ പിന്തുണയ്ക്കുന്ന ഹിന്ദു പേരുകളുള്ള ആളുകളെ അവര്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്നും തുള്‍സി വെളിപ്പെടുത്തി.

യു.എസിലെ മതാധിഷ്ഠിത പത്രത്തിലെഴുതിയ ലേഖനത്തിലാണ് തുള്‍സി വെളിപ്പെടുത്തല്‍ നടത്തിയത്. ‘അമേരിക്കന്‍ ഹിന്ദുക്കള്‍ക്കെതിരേ അവര്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയാണ് ഇതിനുള്ള തെളിവായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ മുന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ, ഹില്ലരി ക്ലിന്റണ്‍, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിയവരൊക്കെയും മോദിയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. യു.എസ്. കോണ്‍ഗ്രസിലെ ആദ്യഹിന്ദു അംഗമായതില്‍ അഭിമാനമുണ്ട്. ഇപ്പോള്‍ യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഹിന്ദു-അമേരിക്കന്‍ അംഗമാകാനും പോകുന്നു’ -തുള്‍സി പറഞ്ഞു.

യു.എസ്. കോണ്‍ഗ്രസിലെ ആദ്യ ഹിന്ദുഅംഗം കൂടിയായ തുള്‍സി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Top