ഇസ്താംബുള്‍: തുര്‍ക്കിയില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. സൈനികര്‍ സഞ്ചരിച്ചിരുന്ന ബസിനെ ലക്ഷ്യമിട്ട് നടത്തിയ സ്‌ഫോടനത്തില്‍ 13 സൈനികര്‍ മരിക്കുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ സൈനികരും സാധാരണക്കാരും ഉള്‍പ്പെടുന്നു.
തുര്‍ക്കിയിലെ മദ്ധ്യനഗരമായ കൈസേരിയില്‍ നിറുത്തിയിട്ടിരുന്ന കാറില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണ് പൊട്ടിയത്.
കൈസേരി മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ബസിലായിരുന്നു പട്ടാളക്കാര്‍ സഞ്ചരിച്ചിരുന്നത്. വാഹനത്തില്‍ ഉണ്ടായിരുന്നവരെല്ലാം താഴ്ന്ന റാങ്കുകളിലുള്ള ഉദ്യോഗസ്ഥരായിരുന്നു. കമാന്‍ഡോ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് കൈസേരിയില്‍ വച്ച് ബസ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും കുര്‍ദിഷ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
ഡിസബംര്‍ 10ന് ഇസ്താംബുളിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും സ്‌ഫോടനം നടന്നത്.