കിഴക്കന്‍ ജറുസലേമിനെ പലസ്തീന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് തുര്‍ക്കി പ്രസിഡന്റ്

യെരുശലേം: ജറുസലേം വിഷയത്തില്‍ പശ്ചിമേഷ്യ പുകയുന്നു. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് തുര്‍ക്കി. കിഴക്കന്‍ ജറുസലേമിനെ പലസ്തീന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് പ്രതിഷേധത്തിന്റെ പുതിയ ഘട്ടത്തിന് തുര്‍ക്കി തുടക്കമിട്ടു. ലോകമെമ്പാടുമുള്ള മുസ്ലിം രാജ്യങ്ങളോട് തങ്ങളുടെ മാതൃക പിന്തുടരാനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദോഗന്‍ ആവശ്യപ്പെട്ടു.

കിഴക്കന്‍ ജറുസലേമില്‍ സ്ഥാനപതി കാര്യാലയം തുറക്കാനുദ്ദേശിക്കുന്നതായും എര്‍ഡോഗന്‍ പറഞ്ഞിട്ടുണ്ട്. മറ്റു മുസ്ലിം രാജ്യങ്ങളും ഇതേ പാത പിന്തുടര്‍ന്നാല്‍ അത് വന്‍ പ്രതിസന്ധിക്ക് വഴിവെക്കും. ടെല്‍ അവീവിലാണ് നിലവില്‍ തുര്‍ക്കിയുടെ സ്ഥാനപതി കാര്യാലയം. ഈ മാസമാദ്യമാണ് ട്രംപ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. ടെല്‍ അവീവിലുള്ള അമേരിക്കന്‍ സ്ഥാനപതി കാര്യാലയം ജറുസലേമിലേക്ക് മാറ്റുമെന്നും ട്രംപ് പറഞ്ഞിരുന്നു.

തുര്‍ക്കിയിലെ കരാമനില്‍ തന്റെ പാര്‍ട്ടിയായ എ.കെ.പാര്‍ട്ടിയുടെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് എര്‍ഡോഗന്‍ നിലപാട് വ്യക്തമാക്കിയത്. കിഴക്കന്‍ ജറുസലേമില്‍ എംബസി തുറക്കുന്ന ദിനം അകലെയല്ലെന്ന് അദ്ദേഹം പറഞ്ഞു. ജറുസലേമിലേക്ക് അംബാസഡറെ അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ച നടപടി ഉചിതമായില്ലെന്ന ലോകരാജ്യങ്ങളെല്ലാം അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കയുടെ സഖ്യകക്ഷികളടക്കം തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍, തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഉറച്ചുനിന്ന ട്രംപ്, അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാര്‍ ഇക്കാര്യത്തില്‍ പിന്തുടര്‍ന്ന നയതന്ത്രം പോലും പരിഗണിച്ചിരുന്നില്ല. ട്രംപിന്റെ ഈ നടപടിക്ക് കടുത്ത തിരിച്ചടിയാണ് തുര്‍ക്കി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

Top