അങ്കാറ സ്ഫോടനത്തിന് പിന്നാലെ വടക്കന്‍ ഇറാഖില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം

അങ്കാറ: അങ്കാറ സ്ഫോടനത്തിന് പിന്നാലെ ഇറാഖില്‍ വ്യോമാക്രമണം നടത്തി തുര്‍ക്കിയ. കുര്‍ദ് ഭീകരരെ ലക്ഷ്യമിട്ട് 20ഓളം സ്ഥലങ്ങളിലാണ് വ്യോമാക്രമണം. കഴിഞ്ഞ ദിവസം അങ്കാറയില്‍ നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം കുര്‍ദ് ഭീകര സംഘടനയായ പി.കെ.കെ ഏറ്റെടുത്തിരുന്നു.

അതേസമയം, തുര്‍ക്കിയ പാര്‍ലമെന്റിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ചാവേര്‍ സ്‌ഫോടനത്തിന് ശ്രമിച്ച രണ്ടു പേരില്‍ ഒരാളെ പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു.

വേനല്‍ക്കാലത്തിനുശേഷം പാര്‍ലമെന്റ് സമ്മേളനം വീണ്ടും തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. ഭീകരാക്രമണമാണ് നടന്നതെന്നും സംഭവം അന്വേഷിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Top