യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സെഷനിൽ പങ്കെടുക്കാൻ തയ്യിപ് എർദോഗൻ യുഎസിലെത്തി. തുർക്കിയിൽ ഒരു ടെസ്ല ഫാക്ടറി നിർമ്മിക്കാൻ ടെസ്ല സിഇഒ എലോൺ മസ്‌കിനോട് ആവശ്യപ്പെട്ടതായി കമ്മ്യൂണിക്കേഷൻ ഡയറക്ടറേറ്റ് അറിയിച്ചു. ന്യൂയോർക്കിലെ ടർക്കിഷ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് എർദോഗനും മസ്‌ക്കും സംസാരിച്ചതെന്ന് തുർക്കിയിലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മസ്‌കിന്റെ സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്ക് എന്നിവയുമായി സഹകരണത്തിന് തയ്യാറാണെന്ന് എർദോഗൻ യോഗത്തിൽ പറഞ്ഞു. തുർക്കിയിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് സേവനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതിന് തുർക്കി അധികൃതരുമായി ചേർന്ന് പ്രവർത്തിക്കാൻ സ്‌പേസ് എക്‌സ് ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് അഭിപ്രായപ്പെട്ടു. കൂടാതെ സെപ്തംബർ അവസാനം ഇസ്മിറിൽ നടക്കുന്ന തുർക്കി എയ്റോസ്പേസ് ആൻഡ് ടെക്നോളജി ഫെസ്റ്റിവലായ ടെക്നോഫെസ്റ്റിൽ പങ്കെടുക്കാൻ എർദോഗൻ മസ്‌കിനെ ക്ഷണിച്ചുവെന്ന കാര്യവും അദ്ദേഹം പങ്കുവച്ചു.
കുറഞ്ഞ ചെലവിൽ ഇലക്ട്രിക് വാഹനം നിർമ്മിക്കുന്ന ഒരു ഫാക്ടറി ഇന്ത്യയിൽ നിർമ്മിക്കാൻ ടെസ്ല താൽപര്യം പ്രകടിപ്പിച്ചിരുന്നു. നിലവിലുള്ള ആറ് ഫാക്ടറികളെ കൂടാതെ മെക്സിക്കോയിൽ ഏഴാമത്തേതും നിർമ്മിക്കുകയാണ് ടെസ്ല. ഈ വർഷം അവസാനത്തോടെ പുതിയ ഫാക്ടറിക്കായി സ്ഥലം തിരഞ്ഞെടുക്കുമെന്ന് ടെസ്ല പറഞ്ഞു. ഈ വർഷത്തിൽ 123% ഉയർച്ചയാണ് ടെസ്ല ഓഹരികളിലുണ്ടായത്.