നയപ്രഖ്യാപനത്തെ രാഷ്ട്രീയനയം പറയാനുള്ള ഇടമാക്കി മാറ്റി; വി. മുരളീധരന്‍

ന്യൂഡല്‍ഹി: രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപനം തീര്‍ത്തും നിരാശാജനകമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. നയപ്രഖ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അകാരണമായി കുറ്റപ്പെടുത്തുക വഴി നയ പ്രഖ്യാപനത്തെ രാഷ്ട്രീയനയം പറയാനുള്ള ഇടമാക്കി മാറ്റുകയും ചെയ്തതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

വിവിധ മേഖലകളിലെ പുതിയ കാഴ്ചപ്പാടുകളും നയങ്ങളുമാണ് ജനങ്ങള്‍ പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കൊവിഡ് മൂന്നാം തരംഗം പ്രതീക്ഷിക്കാമെന്നിരിക്കെ ആരോഗ്യ നയത്തില്‍ കാലാനുസൃതമായ മാറ്റം നയ പ്രഖ്യാപനത്തില്‍ ഇല്ല. സംസ്ഥാനങ്ങള്‍ക്കുള്ള വായ്പാ പരിധി കേന്ദ്രം ഉയര്‍ത്തുകയാണ് ചെയ്തത്. ഇതിനെ സ്വാഗതം ചെയ്യാതെ കേന്ദ്രം ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയാണെന്ന ആരോപണമാണ് ഉന്നയിക്കുന്നത്. കേന്ദ്രാനുമതി ഇല്ലാതെ കിഫ്ബി വഴി വിദേശത്ത് നിന്ന് വായ്പയെടുത്തത് ഫെഡറല്‍ തത്വങ്ങള്‍ക്ക് അനുസൃതമായിരുന്നോ എന്നും മന്ത്രി ചോദിച്ചു.

വിജ്ഞാന സമ്പദ് വ്യവസ്ഥ, കര്‍ഷകരുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ദ്ധന തുടങ്ങിയവ കേന്ദ്രനയം കടമെടുത്തതാണെന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതെല്ലാം നടപ്പാക്കാന്‍ വിവിധ പദ്ധതികള്‍ കേന്ദ്രം വിഭാവനം ചെയ്തിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് മടങ്ങിയെത്തിയ 14.01 ലക്ഷം പ്രവാസികളുടെ പുനരധിവാസത്തിന് കൃത്യമായ നയം സര്‍ക്കാരിനില്ല. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ദുരന്ത നിവാരണ നയം തയ്യാറായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Top