തുഷാർ വെള്ളാപ്പള്ളിയുടെ വണ്ടിചെക്ക് കേസിൽ തെളിവെടുപ്പ് തിങ്കളാഴ്ച തുടങ്ങും

അജ്മാന്‍ : ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വണ്ടിചെക്ക് കേസില്‍ തെളിവെടുപ്പ് തിങ്കളാഴ്ച തുടങ്ങും. തെളിവ് നല്‍കാന്‍ പരാതിക്കാരനെ അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ വിളിപ്പിച്ചിട്ടുണ്ട്.

നാളെ രേഖകളുമായി ഹാജരാകുമെന്ന് നാസില്‍ അബ്ദുല്ല പറഞ്ഞു. ഒത്തുതീര്‍പ്പ് വ്യവസ്ഥയിലെ പുരോഗതി വ്യക്തമായതിന് ശേഷമെ തുടര്‍ ചര്‍ച്ചകളുണ്ടാവൂ എന്നും നാസില്‍ അബ്ദുള്ള അറിയിച്ചു.

പത്തുവര്‍ഷം മുമ്പ് നടന്ന സംഭവത്തിന്‍മേലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ ചൊവ്വാഴ്ച രാത്രിയോടെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അജ്മാനില്‍ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ സബ് കോണ്‍ട്രാക്ടറായിരുന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് തുഷാറിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന്, ചെക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കെന്ന പേരില്‍ തുഷാറിനെ അജ്മാനിലേക്കു വിളിച്ചു വരുത്തി. പൊലീസില്‍ പരാതി നല്‍കിയ വിവരം തുഷാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന.

അജ്മാനിലെ ഹോട്ടലിലെത്തിയ തുഷാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കമ്പനിയുടെ ഉടമസ്ഥത കൈമാറിയപ്പോള്‍ നല്‍കിയ പത്തുദശലക്ഷം ദിര്‍ഹത്തിന്റെ, ഏകദേശം ഇരുപതു കോടി രൂപയുടെ ചെക്ക് വണ്ടിച്ചെക്കായിരുന്നുവെന്നാണ് പരാതി. സാമ്പത്തികകുറ്റകൃത്യമായതിനാല്‍ കേസിലെ പരാതി തീര്‍പ്പു കല്‍പ്പിക്കപ്പെടുകയോ പരാതിക്കാരന്‍ കേസ് പിന്‍വലിക്കുകയോ ചെയ്യണം. അതിനായുള്ള ശ്രമങ്ങള്‍ തുടരവെ സഹായ വാഗ്ദാനവുമായി യൂസഫലി രംഗത്തെത്തി. തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ജാമ്യത്തുക എംഎ യൂസഫലി നല്‍കുകയായിരുന്നു.

Top