തൂത്തുക്കുടി: വേദാന്ത സ്റ്റെര്‍ലൈറ്റ് ചെമ്പു ശുദ്ധീകരണശാലയ്ക്കു സമീപം ഇന്ന് രാവിലെ ഉണ്ടായ പ്രതിഷേധത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് വെട്ടേറ്റു. നിരവധി പേരാണ് പ്രതിഷേധവുമായി ഇന്നും രംഗത്തെത്തിയിരിക്കുന്നത്. രണ്ടു ദിവസമായി നടന്ന പൊലീസ് വെടിവെപ്പില്‍ ഇവിടെ 13 പേരാണ് കൊല്ലപ്പെട്ടത്. വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും ചൂണ്ടിക്കാട്ടി ആശുപത്രിയുടെ മുന്‍പിലും വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്.
അതേസമയം സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ വേദാന്ത സ്റ്റെര്‍ലെറ്റ് പ്ലാന്റിലേയ്ക്കുള്ള വൈദ്യുതി ബന്ധം സംസ്ഥാന സര്‍ക്കാര്‍ വിച്ഛേദിച്ചിട്ടുണ്ട്. പ്ലാന്റിന്റെ രണ്ടാം ഘട്ട വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടതിനു പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം.