തുത്തൂക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കണമെന്ന ആവശ്യം തള്ളി ഹരിത ട്രൈബ്യൂണല്‍

ചെന്നൈ: തുത്തൂക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കണമെന്ന വേദാന്ത ഗ്രൂപ്പിന്റെ ആവശ്യം ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി.

പ്ലാന്റ് അടച്ചുപൂട്ടിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യമുന്നയിച്ച് സ്റ്റെര്‍ലൈറ്റ് ഗ്രൂപ്പ് ട്രൈബ്യുണലിനെ സമീപിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവിനെതിരെയായിരുന്നു വേദാന്ത ഗ്രൂപ്പിന്റെ നീക്കം. മേയ് 23നായിരുന്നു പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

വേദാന്ത ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഓഗസ്റ്റ് ഒന്‍പതിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. പ്ലാന്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ സമരത്തിനു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ 13 പേരാണ് മരിച്ചത്. ഇതിനു പിന്നാലെയായിരുന്നു പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

Top