എസ് യു വിയുടെ ലോങ് വീല്‍ ബേസ് പതിപ്പായ പുതിയ TUV300 പ്ലസ് പുറത്തിറങ്ങി. ഒമ്പതു പേര്‍ക്കു സുഖമായി യാത്ര ചെയ്യാവുന്ന പുതിയ എസ് യു വി 9.47 ലക്ഷം രൂപയാണ് വില (എക്‌സ്‌ഷോറൂം മുംബൈ).
മൂന്നു വകഭേദങ്ങളിലും അഞ്ചു നിറങ്ങളിലുമാണ് മഹീന്ദ്ര TUV300 പ്ലസ് വിപണിയില്‍ എത്തുന്നത്. P4, P6, P8 വകഭേദങ്ങള്‍ എസ് യു വിയില്‍ ലഭ്യമാണ്. മജെസ്റ്റിക് സില്‍വര്‍, ഗ്ലേസിയര്‍ വൈറ്റ്, ബോള്‍ഡ് ബ്ലാക്, ഡയനാമോ റെഡ്, മോള്‍ടെന്‍ ഓറഞ്ച് നിറങ്ങള്‍ മോഡലില്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.
അങ്ങിങ്ങായി ചെറിയ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ TUV300 പ്ലസിന്റെ പുറംമോടിയില്‍ വലിയ ഒരുക്കങ്ങള്‍ മഹീന്ദ്ര നടത്തിയിട്ടില്ല. അതേസമയം വിശേഷങ്ങള്‍ മുഴുവന്‍ അകത്തളത്തിലാണ്. കാഴ്ചയില്‍ TUV300 -യ്ക്ക് സമാനമാണ് TUV300 പ്ലസും. എന്നാല്‍ ബമ്പര്‍ പരിഷ്‌കാരങ്ങളും പിന്നിലേക്ക് വലിഞ്ഞുള്ള ടെയില്‍ലാമ്പുകളും മോഡലില്‍ പുതുമ അനുഭവപ്പെടുത്തും.
അകത്തളത്തില്‍ ക്യാബിന് കൂടുതല്‍ പ്രീമിയം കൈവരിച്ചതില്‍ അത്ഭുതപ്പെടാനില്ല. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനി പിനിന്‍ഫാരിനയാണ് TUV300 പ്ലസിന്റെ അകത്തളത്തില്‍ കൈകടത്തിയിട്ടുള്ളത്. ലെതറെന്ന് തോന്നിപ്പിക്കുന്ന ഘടങ്ങള്‍ കൊണ്ടാണ് സീറ്റുകളുടെ നിര്‍മ്മിതി.
എസ് യു വിയുടെ നീളം 4,400 mm. അതായത് സാധാരണ TUV300 -യെക്കാളും 405 mm കൂടുതല്‍. 1,835 mm വീതിയും 1,812 mm ഉയരവും TUV300 പ്ലസിനുണ്ട്. അതേസമയം വീല്‍ബേസില്‍ മാറ്റമില്ല, 2,680 mm ആയി തുടരുന്നു. 16 ഇഞ്ചു വീലുകള്‍ TUV300 പ്ലസിന്റെ ഉയരത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
ഇത്തവണ സ്റ്റീയറിംഗില്‍ തന്നെയാണ് ഓഡിയോ, ഫോണ്‍ കണ്‍ട്രോളുകള്‍. വാഷ് & വൈപ് സംവിധാനമുള്ള റിയര്‍ ഡിഫോഗര്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, മുന്‍നിര സീറ്റുകള്‍ക്കുള്ള ആംറെസ്റ്റ്, ഫോളോ മീ ഹോം ലാമ്പുകള്‍ എന്നിവയെല്ലാം മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും. ഇക്കുറി ഡ്രൈവര്‍ സീറ്റിന് കീഴില്‍ പ്രത്യേക സ്റ്റോറേജ് ട്രെയുണ്ട്. ജിപിഎസ് പിന്തുണയുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും എസ്യുവിയില്‍ എടുത്തുപറയണം.
ഇക്കോ മോഡ്, മൈക്രോ ഹൈബ്രിഡ് ടെക്നോളജി, ബ്രേക്ക് എനര്‍ജി റീജനറേഷന്‍ ടെക്നോളജി, ഇന്റലിപാര്‍ക്ക് റിവേഴ്സ് അസിസ്റ്റ്, എസി ഇക്കോ മോഡ്, ഡ്രൈവര്‍ ഇന്‍ഫോര്‍മേഷന്‍ സംവിധാനം എന്നിങ്ങനെ നീളും മോഡലിലെ മറ്റു ഫീച്ചറുകള്‍.
സുരക്ഷയ്ക്ക് ഉറപ്പുവരുത്താന്‍ ഇരട്ട എയര്‍ ബാഗുകള്‍, ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ എന്നീ സംവിധാനങ്ങള്‍ TUV300 പ്ലസില്‍ ഒരുങ്ങുന്നുണ്ട്. മഹീന്ദ്ര പരീക്ഷിച്ചു തെളിയിച്ച 2.2 ലിറ്റര്‍ എംഹൊക്ക് ഡീസല്‍ എഞ്ചിനാണ് TUV300 പ്ലസില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു കാര്യം. TUV300 -യിലുള്ള 1.5 ലിറ്റര്‍ എഞ്ചിന് പകരമാണിത്. എഞ്ചിന്‍ 120 bhp കരുത്തും 220 Nm torque ഉം പരമാവധി സൃഷ്ടിക്കും.