TVS Jupiter Disc Brake Variant launched

ഗീയര്‍രഹിത സ്‌കൂട്ടറായ ‘ജുപ്പീറ്ററി’ല്‍ നിര്‍മാതാക്കളായ ടി വി എസ് മോട്ടോര്‍ കമ്പനി ഡിസ്‌ക് ബ്രേക്ക് ലഭ്യമാക്കുന്നു. മുന്നില്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം രൂപകല്‍പ്പനയിലും നിറക്കൂട്ടിലുമൊക്കെ പരിഷ്‌കാരങ്ങളുമായി എത്തുന്ന ‘ജുപ്പീറ്ററി’ന് 69,500 രൂപയാണു പുണെയിലെ ഓണ്‍ റോഡ് വില.

പരിഷ്‌കരിച്ച ‘ജുപ്പീറ്ററി’ന്റെ വരവ് ടി വി എസ് മോട്ടോര്‍ കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മിക്കവാറും ഈ മാസം തന്നെ 110 സി സി എന്‍ജിനുള്ള സ്‌കൂട്ടര്‍ ഷോറൂമിലെത്തുമെന്നാണു ഡീലര്‍മാര്‍ നല്‍കുന്ന സൂചന.

മാത്രമല്ല, മുഴുവന്‍ വിലയും മുന്‍കൂര്‍ ഈടാക്കി പരിഷ്‌കരിച്ച ‘ജുപ്പീറ്ററി’നുള്ള ബുക്കിങ്ങുകളും ചില ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. സെന്റര്‍ സ്റ്റാന്‍ഡ്, ക്രോം സൈഡ് ഗാര്‍ഡ് എന്നിവയ്‌ക്കെല്ലാം ചേര്‍ന്നാണ് 69,500 രൂപ വില ഈടാക്കുന്നത്.

പര്‍പ്ള്‍ , ബീജ് വര്‍ണ സങ്കലനത്തിലാവും ഡിസ്‌ക് ബ്രേക്കുള്ള ‘ജുപ്പീറ്റര്‍’ വിപണിയിലെത്തുക; നിലവില്‍ മറ്റു നിറങ്ങളിലൊന്നും ഈ പരിഷ്‌കരിച്ച പതിപ്പ് ലഭ്യമാവില്ലെന്നാണു സൂചന.

അകത്തെ പ്ലാസ്റ്റിക് പാനലുകള്‍ക്ക് ലൈറ്റ് ബീജ് നിറവും ഔട്ടര്‍ ബോഡി പാനലുകള്‍ക്ക് ഡാര്‍ക്ക് പര്‍പ്പിളുമാണു ടി വി എസ് തിരഞ്ഞെടുത്തിരിക്കുന്നത്. പാര്‍ശ്വത്തിലെ പാനലുകളില്‍ പ്രകടമായ ക്രോം അക്‌സന്റും സ്‌കൂട്ടറിന്റെ സവിശേഷതയാവും.

ബ്രൗണും ബീജും സംഗമിക്കുന്ന ഇരട്ട വര്‍ണ സീറ്റാണു സ്‌കൂട്ടറിലുള്ളത്. ‘മില്യന്‍ ആര്‍ എഡീഷന്‍’ എന്നു പേരിട്ട പരിമിതകാല പതിപ്പിനായാണ് ഈ രൂപകല്‍പ്പന ടി വി എസ് തിരഞ്ഞെടുത്തതെന്നു വ്യക്തമാക്കുന്ന പ്രത്യേക ബാഡ്ജും മുന്‍ ഏപ്രണിലുണ്ട്. ഈ പരിമിതകാല പതിപ്പിനൊപ്പമാവും ഡിസ്‌ക് ബ്രേക്കുള്ള ‘ജുപ്പീറ്ററി’ന്റെയും വരെന്നാണു വിപണിയുടെ വിലയിരുത്തല്‍.

സാധാരണ പരിമിതികാല പതിപ്പുകളെ പോലെ സാങ്കേതിക വിഭാഗത്തില്‍ മാറ്റമൊന്നുമില്ലാതെയാണു നവീകരിച്ച ‘ജുപ്പീറ്ററി’ന്റെയും വരവ്. അതുകൊണ്ടുതന്നെ ഫ്യുവല്‍ ഇഞ്ചക്റ്റഡ്(എഫ് ഐ) എന്‍ജിന്‍ പോലുള്ള വിപ്ലവകരമായ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

പരിഷ്‌കരിച്ച ‘ജുപ്പീറ്ററി’നും കരുത്തേകുക 109.7 സി സി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്; 7,500 ആര്‍ പി എമ്മില്‍ എട്ടു ബി എച്ച് പി കരുത്തും 5,500 ആര്‍ പി എമ്മില്‍ എട്ട് എന്‍ എം വരെ കരുത്തുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. മിക്കവാറും ‘വിഗോ’യില്‍ നിന്നു കടമെടുത്ത 220 എം എം ഡിസ്‌ക് ബ്രേക്കാവും ‘ജുപ്പീറ്ററി’ലും ഇടംപിടിക്കുകയെന്നാണു സൂചന.

×

Top